സ്ട്രാസ്ബർഗ്: ഗ്രീസിലെ കോടതികൾ ഉൾപ്പെടെയുള്ള പൊതുമന്ദിരങ്ങളിൽ നിന്ന് ക്രിസ്ത്യൻ മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിരീശ്വരവാദ സംഘടനകൾ രംഗത്ത്. 'യൂണിയൻ ഓഫ് ഏതീയസ്റ്റ്സ്' (നിരീശ്വരവാദികളുടെ സംഘടന) എന്ന സംഘടനയും രണ്ട് വ്യക്തികളും ചേർന്നാണ് ഈ ആവശ്യവുമായി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചിരിക്കുന്നത്.
കോടതി മുറികളിൽ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങളും ഐക്കണുകളും സ്ഥാപിക്കുന്നത് തങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്നാണ് ഹർജിക്കാരായ നിരീശ്വരവാദ സംഘടനകളുടെ പരാതി. ഇത്തരം ചിഹ്നങ്ങൾ കോടതിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും നീതിപൂർവ്വമായ വിചാരണയ്ക്കുള്ള അവകാശത്തെയും ചിന്താസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നുമാണ് ഇവരുടെ വാദം. നേരത്തെ ഗ്രീസിലെ ആഭ്യന്തര കോടതികൾ ഈ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ഇവർ യൂറോപ്യൻ കോടതിയെ സമീപിച്ചത്.
അതേസമയം ക്രിസ്തീയമായ പൈതൃകങ്ങളെയും ചിഹ്നങ്ങളെയും അദൃശ്യമാക്കാനുള്ള ബോധപൂർവ്വമായ നടപടിയുടെ ഭാഗമാണ് ഇത്തരം ഹർജികളെന്ന് ആരോപണമുണ്ട്. പൊതുയിടങ്ങളിലെ മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം മതസ്വാതന്ത്ര്യത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്നും, ഈ ചിഹ്നങ്ങൾ രാജ്യത്തിന്റെ ചരിത്രത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഭാഗമാണെന്നും കേസിൽ കക്ഷിചേർന്ന എഡിഎഫ് ഇന്റർനാഷണൽ ചൂണ്ടിക്കാട്ടുന്നു.
ഇറ്റലിയിലെ സ്കൂളുകളിൽ ക്രൂശിതരൂപം സ്ഥാപിക്കുന്നത് നിയമവിരുദ്ധമല്ലെന്ന്മു ൻപ് യൂറോപ്യൻ കോടതി തന്നെ വിധിച്ച കാര്യവും ഇവർ ഓർമ്മിപ്പിക്കുന്നു. 46 അംഗരാജ്യങ്ങൾക്കും ബാധകമായേക്കാവുന്ന ഈ വിധി യൂറോപ്പിലെ ക്രൈസ്തവ പാരമ്പര്യത്തിന് നേരെ ഉയരുന്ന വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.