അതിശയകരമായ പ്രകടനങ്ങളാൽ നമ്മെ അത്ഭുതപ്പെടുത്തുന്നവനല്ല ദൈവം, നമ്മുടെ അധ്വാനങ്ങളിൽ പങ്കുചേരുന്നവനും ഭാരങ്ങൾ ഏറ്റെടുക്കുന്നവനുമാണ്: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

അതിശയകരമായ പ്രകടനങ്ങളാൽ നമ്മെ അത്ഭുതപ്പെടുത്തുന്നവനല്ല ദൈവം, നമ്മുടെ അധ്വാനങ്ങളിൽ പങ്കുചേരുന്നവനും ഭാരങ്ങൾ ഏറ്റെടുക്കുന്നവനുമാണ്: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: ജാഗരൂകരായിരിക്കാനും ഏറ്റവും ആവശ്യമായവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ദൈവത്തിൻ്റെ ദൃഷ്ടിയിൽ നാം എത്രയോ വിലപ്പെട്ടവരാണെന്ന് ഒരിക്കലും മറക്കരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമ്മെ സ്നേഹിക്കുന്ന കർത്താവിനെ കണ്ടുമുട്ടാനായി, നമ്മുടെ ദിനചര്യയിൽ പ്രാർഥനയ്ക്കും ധ്യാനത്തിനുമായി സമയം കണ്ടെത്തണമെന്നും ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർത്ഥനയോടനുബന്ധിച്ച് നൽകിയ വചന സന്ദേശത്തിൽ മാർപാപ്പ വിശ്വാസികളെ ഓർമിപ്പിച്ചു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാപ്പ, വി. യോഹന്നാൻ്റെ സുവിശേഷത്തിൽ സ്നാപകയോഹന്നാൻ യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടും മിശിഹായുമായി ചൂണ്ടികാട്ടിയതിനെ അനുസ്മരിച്ചു. യേശുവിനെ രക്ഷകനായി സ്നാപകൻ തിരിച്ചറിയുകയും അവിടുത്തെ ദൈവത്വത്തെയും ദൗത്യത്തെയുംപറ്റി ഇസ്രായേൽ ജനത്തോട് പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന്, തൻ്റെ നിയോഗം പൂർത്തിയാക്കിക്കൊണ്ട് യോഹന്നാൻ ഇപ്രകാരം പറഞ്ഞു: 'എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.' (യോഹന്നാന്‍ 1 : 30)

ജനക്കൂട്ടം വളരെയധികം സ്നേഹിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു സ്നാപകയോഹന്നാൻ. അക്കാരണത്താൽ, ജെറുസലേമിലെ അധികാരികൾ പോലും അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. തനിക്കുണ്ടായിരുന്ന പ്രശസ്തി ചൂഷണം ചെയ്യാൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. എന്നാൽ, തൻ്റെ വിജയമോ ജനപ്രീതിയോ മൂലമുള്ള പ്രലോഭനങ്ങൾക്ക് അദ്ദേഹം വഴിപ്പെട്ടില്ല. മറിച്ച്, യേശുവിന്റെ മുമ്പിൽ അദ്ദേഹം സ്വന്തം നിസ്സാരത ഏറ്റുപറയുകയും അവിടുത്തെ മഹത്വത്തിന് ഇടം നൽകുകയും ചെയ്തു.

കർത്താവിന് വഴിയൊരുക്കാനാണ് താൻ അയക്കപ്പെട്ടതെന്ന് യോഹന്നാൻ അറിഞ്ഞിരുന്നു. കർത്താവ് ആഗതനായപ്പോൾ, സന്തോഷത്തോടും എളിമയോടുംകൂടെ, ദൈവത്തിന്റെ സാന്നിധ്യം അംഗീകരിച്ച് അദ്ദേഹം ജനശ്രദ്ധയിൽനിന്ന് പിൻവാങ്ങി.

സുപ്രധാന സാക്ഷ്യം

യോഹന്നാന്റെ സാക്ഷ്യം ഇന്ന് നമുക്കും എത്രയോ പ്രാധാന്യമേറിയതാണെന്ന് ലിയോ പാപ്പാ എടുത്തുപറഞ്ഞു. അംഗീകാരവും ജനസമ്മതിയും പ്രദർശനപരതയും സന്തോഷം പ്രദാനം ചെയ്യുമെന്നു കരുതി ആളുകൾ അവയിലേക്ക് തിരിയുന്നു. എന്നാൽ ഒടുവിൽ, ബന്ധങ്ങൾ അറ്റുപോയ ജീവിതശൈലികളിലേക്കും നിരാശയുടെ തടവറകളിലേക്കുമാണ് അവർ എത്തിപ്പെടുകയെന്ന് പാപ്പാ ഓർമിപ്പിച്ചു.

നമ്മുടെ യഥാർത്ഥ ആനന്ദവും മഹത്വവും, കടന്നുപോകുന്ന പ്രശസ്തിയുടെയും വിജയത്തിൻ്റെയും മിഥ്യാധാരണകളിൽ അധിഷ്ഠിതമല്ല, മറിച്ച്, നാം സ്നേഹിക്കപ്പെടുന്നവരും നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന് പ്രിയപ്പെട്ടവരുമാണ് എന്ന തിരിച്ചറിവിലാണ് അടങ്ങിയിരിക്കുന്നത്. നമ്മുടെ ഇടയിലേക്ക് ഇന്നും കടന്നുവരുന്ന ദൈവത്തിന്റെ സ്നേഹത്തെപ്പറ്റിയാണ് യേശുവിന് നമ്മോടു പറയാനുള്ളത്. 'അതിശയകരമായ പ്രകടനങ്ങളാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന' ദൈവമല്ല അവിടുന്ന്, പിന്നെയോ, നമ്മുടെ അധ്വാനങ്ങളിൽ പങ്കുചേരുന്നവനും ഭാരങ്ങൾ ഏറ്റെടുക്കുന്നവനുമാണ്.

ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിലപ്പെട്ടവർ

ഇപ്രകാരം പ്രവർത്തിക്കുമ്പോൾ, നാം ആരാണെന്നും ദൈവത്തിന്റെ ദൃഷ്ടിയിൽ നാം എത്രയോ വിലപ്പെട്ടവരാണെന്നുമാണ് അവിടുന്ന് നമുക്ക് വെളിപ്പെടുത്തിതരുന്നത്. നമ്മുടെ ഇടയിലുള്ള ദൈവസാന്നിധ്യത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കരുതെന്നും പുറംമോടികളെ പിന്തുടരുന്നതിൽ നമ്മുടെ സമയവും ഊർജ്ജവും പാഴാക്കരുതെന്നും ലിയോ പാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു. 'പകരം, ജാഗ്രത പാലിക്കാനും ലാളിത്യത്തെ സ്നേഹിക്കാനും വാക്കുകളിൽ ആത്മാർത്ഥത പുലർത്താനും സമചിത്തതയോടെ ജീവിക്കാനും മനസ്സിന്റെയും ഹൃദയത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങാനും സ്നാപകയോഹന്നാനിൽ നിന്ന് നമുക്ക് പഠിക്കാം' - പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.

പാപ്പാ തുടർന്നു: 'ഉള്ളതുകൊണ്ട് നമുക്ക് സംതൃപ്തരാകാം. പ്രാർത്ഥനയ്ക്കും വിചിന്തനത്തിനും ദൈവസ്വരത്തിന് കാതോർക്കുന്നതിനുമായി എല്ലാ ദിവസവും അല്പസമയം നമുക്ക് കണ്ടെത്താം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, കർത്താവിനെ കണ്ടെത്തുന്നതിനും അവനോടൊപ്പം ആയിരിക്കുന്നതിനും വേണ്ടി നമുക്ക് മരുഭൂമിയിലേക്ക് പിൻവാങ്ങാം.'
ലാളിത്യത്തിന്റെയും ജ്ഞാനത്തിന്റെയും വിനയത്തിന്റെയും ഉത്തമ മാതൃകയായ പരിശുദ്ധ കന്യകാമറിയത്തിന് ഈ നിയോഗം സമർപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവ് തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.