ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് ഗുരുതര വെളിപ്പെടുത്തലുമായി വിസില്‍ ബ്ലോവര്‍. തകര്‍ന്ന വിമാനത്തിന് വര്‍ഷങ്ങളായി ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സിസ്റ്റം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2022 ല്‍ തന്നെ വിമാനത്തില്‍ വലിയ ഇലക്ട്രിക്കല്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി അമേരിക്കന്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പല പ്രധാന സിസ്റ്റം ഭാഗങ്ങളും പല തവണ മാറ്റിയിരുന്നു. വിമാനം ഇന്ത്യയില്‍ എത്തിയ 2014 ഫെബ്രുവരി ഒന്ന് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 11 വര്‍ഷം ഈ പ്രശ്‌നങ്ങള്‍ തുടര്‍ന്നു. തെളിവുകള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2022 ഏപ്രിലില്‍ ലാന്‍ഡിങ് ഗിയറുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ തകരാറുകള്‍ വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ അപകടത്തിന് കാരണമായ സുരക്ഷാ പ്രശ്നങ്ങള്‍ ബോയിങ് ഡ്രീം ലൈനറുകളില്‍ സാധാരണമാണെന്നും ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍:
വിമാനത്തിന്റെ ചരിത്രം: VT-ANB എന്ന രജിസ്‌ട്രേഷനുള്ള വിമാനം 2013 ല്‍ നിര്‍മിച്ച് 2014 ല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസിലേക്ക് പ്രവേശിച്ച ആദ്യകാല ഡ്രീം ലൈനറുകളില്‍ ഒന്നാണ്.
സ്ഥിരമായ തകരാറുകള്‍: അതിന്റെ ആദ്യ ദിവസം മുതല്‍ നിരവധി സിസ്റ്റം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിങ്, നിര്‍മാണം, ഗുണനിലവാരം, അറ്റകുറ്റപ്പണികള്‍ എന്നിവയിലെ പിഴവുകള്‍ മൂലമാണ് അപകടം സംഭവിച്ചതെന്ന് സുരക്ഷാ ഗ്രൂപ്പ് പറയുന്നു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്‌നങ്ങള്‍:
സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ആവര്‍ത്തിച്ച് ട്രിപ്പ് ചെയ്യുക.
ഇലക്ട്രോണിക്‌സ്, അവിയോണിക്‌സ്, സോഫ്റ്റ്‌വെയര്‍ എന്നിവയിലെ തകരാറുകള്‍.
വയറിങ് തകരാറുകള്‍, ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, വൈദ്യുതി നഷ്ടപ്പെടല്‍.
വൈദ്യുതി വിതരണ ഘടകങ്ങളില്‍ തീപിടുത്തം, പുക, ചൂട് എന്നിവ.
തീപിടുത്തം: 2022 ല്‍ വിമാനത്തിന്റെ പി 100 പവര്‍ ഡിസ്ട്രിബ്യൂഷന്‍ പാനലില്‍ ഒരു തീപിടുത്തം ഉണ്ടായി. ഇത് പാനല്‍ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയിലേക്ക് നയിച്ചു.
അപകടം: 2025 ജൂണ്‍ 12 ന് അഹമ്മദാബാദ്-ലണ്ടന്‍ വിമാനം എഐ 171 പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീണു. 241 പേരുടെ മരണത്തിന് കാരണമായി.
പശ്ചാത്തല വിവരങ്ങള്‍: ബോയിങ് 787 ഡ്രീംലൈനറുകളില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ആരോപിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇതിനു മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകം ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.
വിസില്‍ ബ്ലോവര്‍ (Whistleblower): ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ നടക്കുന്ന അഴിമതി, വഞ്ചന, നിയമ ലംഘനങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ പൊതു താല്‍പര്യ വിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് അധികാരികള്‍ക്കോ പൊതുജനങ്ങള്‍ക്കോ വിവരം നല്‍കുന്ന വ്യക്തി. ഇവര്‍ക്ക് നിയമപരമായി സംരക്ഷണം ലഭിക്കുന്നു. കൂടാതെ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിനെ 'വിസില്‍ ബ്ലോയിങ്' (Whistleblowing) എന്നാണ് പറയുന്നത്.