ടെഹ്‌റാന്‍: വിലക്കയറ്റത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ പ്രതിഷേധിച്ചവര്‍ക്ക് ജയിലുകളില്‍ അതിക്രൂര ശിക്ഷാ നടപടികള്‍ നടപ്പിലാക്കി ഇറാന്‍ ഭരണകൂടം. കൊടും തണുപ്പില്‍ തടവുകാരെ ഉടുവസ്ത്രമില്ലാതെ നിര്‍ത്തി പൈപ്പില്‍ വെള്ളം ചീറ്റിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചറിയാത്ത വസ്തുക്കള്‍ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തില്‍ ബലമായി കുത്തിവെക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അതിക്രൂരവും അസ്വസ്ഥപ്പെടുത്തുന്നതുമായ മര്‍ദ്ദന മുറകളാണ് ഇറാനിലെ പ്രതിഷേധക്കാരായ തടവുകാര്‍ നേരിടേണ്ടി വരുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നിന്ന് പുറത്തുവരുന്ന വീഡിയോകളും അവ്യക്തമായ ഫോണ്‍ സന്ദേശങ്ങളും സ്റ്റാര്‍ലിങ്ക് സന്ദേശങ്ങളും സംഭവത്തിന്റെ വ്യാപ്തി എത്രത്തോളം ഭീകരമെന്ന് വെളിപ്പെടുത്തുന്നുണ്ട്. തെരുവുകളില്‍ നിരവധി മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.
കറുത്ത ബാഗുകളാക്കി അടുക്കി വെച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇറാന്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 12,000 പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് വിവരം. മരണ സംഖ്യ 20,000ത്തോളം എത്തിയതായി ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 28 നാണ് ഇറാനില്‍ ഖൊമേനി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്നു രാജ്യത്ത് അരങ്ങേറിയത്. സാമ്പത്തിക തകര്‍ച്ചയായിരുന്നു തുടക്കത്തില്‍ പ്രതിഷേധക്കാരുടെ വിഷയം. എന്നാല്‍ പിന്നീട് ഇത് ആയത്തുള്ള അലി ഖൊമേനി ഭരണകൂടത്തിനെതിരേ തിരിയുകയായിരുന്നു.
നാല്‍പ്പത്തഞ്ച് വര്‍ഷമായി ഇറാന്‍ ഭരിക്കുന്ന ഇസ്ലാമിക മതഭരണകൂടത്തിനെതിരായ കനത്ത വെല്ലുവിളിയാണ് പ്രതിഷേധക്കാര്‍ തീര്‍ത്തത്. എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ അതിക്രൂര നടപടികളാണ് ഭരണകൂടം സ്വീകരിച്ചത്.
ജനുവരി എട്ടിന് ഇറാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ കൊടുംക്രൂരത അരങ്ങേറിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തെരുവുകള്‍ മൃതദേഹങ്ങളെക്കൊണ്ട് നിറഞ്ഞു.
ഇത് പുറത്തു വരാതിരിക്കാന്‍ സ്റ്റാര്‍ലിങ്കിന്റെ സേവനം തടസപ്പെടുത്താന്‍ ഖൊമേനി ഭരണകൂടം ചൈനീസ്, റഷ്യന്‍ മിലിറ്ററിയുടെ ജാമറുകള്‍ ഉപയോഗിച്ചു. തുടര്‍ന്ന് ആശയ വിനിമയോപാധികള്‍ പിടിച്ചെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി വീടുകളില്‍ റെയ്ഡുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.