ധാക്ക: അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം കളിക്കില്ല. ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) അഭ്യര്‍ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളിയ സാഹചര്യത്തിലാണ് ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പിന്മാറ്റം.
ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതിനാലാണ് ഇന്ത്യയില്‍ നിന്ന് ടി20 ലോകകപ്പ് മത്സരങ്ങള്‍ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് അഭ്യര്‍ഥിച്ചത്.
ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്ന നിലപാട് തുടര്‍ന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്റില്‍ നിന്നു തന്നെ ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഐസിസി വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനം ഐസിസിയെ അറിയിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് ബിസിബിക്ക് അനുവദിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് പിന്മാറിയതോടെ പകരം സ്‌കോട്ട്ലന്‍ഡ് ടി20 ലോകകപ്പ് കളിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഐസിസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ വിട്ടയച്ചതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാന്‍ ഐസിസിയോട് അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു.