ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടാല്‍ 100 ശതമാനം താരീഫ്; കാനഡയ്‌ക്കെതിരെ കടുത്ത തീരുമാനവുമായി ഡൊണാള്‍ഡ് ട്രംപ്

ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടാല്‍ 100 ശതമാനം താരീഫ്; കാനഡയ്‌ക്കെതിരെ കടുത്ത തീരുമാനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കാനഡയ്‌ക്കെതിരെ കടുത്ത തീരുമാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറുമായി മുമ്പോട്ട് പോയാല്‍ കാനഡയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു മുന്നറിയിപ്പ്.

ചൈനീസ് ഉല്‍പന്നങ്ങള്‍ യു.എസിലേക്ക് കടത്തുന്നതിനുള്ള ഒരു ചാനലായി മാറാന്‍ കാനഡയെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ നേരിട്ട് ഉന്നംവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആരോപണം. ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ യു.എസിലേക്ക് കടത്താനുള്ള ഡ്രോപ് ഓഫ് പോര്‍ട്ട് ആക്കി കാനഡയെ മാറ്റാനാണ് കാര്‍ണി ശ്രമിക്കുന്നതെങ്കില്‍ അദേഹത്തിന് തെറ്റിയെന്നും ട്രംപ് പറഞ്ഞു.

കാനഡയെ പൂര്‍ണമായും ചൈന വിഴുങ്ങുമെന്നും സാമൂഹിക ഘടനയും സാമ്പത്തും ഉള്‍പ്പെടെ ചൈന തകര്‍ക്കുമെന്നും ട്രംപ് കുറിച്ചു. ചൈനയുമായുള്ള ഏതൊരു കരാറിനും ഉടനടി പ്രതികരണം ഉണ്ടാകുമെന്നും അത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഉടന്‍ 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.

അടുത്തിടെ കാര്‍ണി ചൈന സന്ദര്‍ശിച്ചിരുന്നു. വിശ്വസനീയവും പ്രവചനാതീതവുമായ പങ്കാളി എന്നായിരുന്നു ചൈനയെ അദേഹം വിശേഷിപ്പിച്ചത്. ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ കനേഡിയന്‍ കാര്‍ഷിക കയറ്റുമതികളുടെ താരീഫ് കുറയ്ക്കുന്നതിനും കാനഡയിലേക്ക് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുമുള്ള കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം യു.എസ് മുന്നോട്ടുവച്ച മിസൈല്‍ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോം പദ്ധതിയോട് കാനഡ മുഖം തിരിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. കാനഡയുടെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയായിട്ടും അവര്‍ അതിനെ പിന്തുണച്ചില്ല. പകരം ചൈനയുമായി വ്യാപാരത്തിന് ഒരുങ്ങുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ചൈന കാനഡയെ 'വിഴുങ്ങാന്‍' സാധ്യതയുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ നേരത്തെ കുറിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.