ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയൻ മാർ ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു

ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയൻ മാർ ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനും ലിറ്റിൽ ഫ്ലവർ സന്യാസ സഭാംഗവുമായ മാർ ഡോമിനിക് കൊക്കാട്ട് (103) കാലം ചെയ്തു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗോരഖ്പൂരിലെ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.58-ഓടെയായിരുന്നു അന്ത്യം.

1984 ൽ ഗോരഖ്പൂർ രൂപത രൂപീകൃതമായപ്പോൾ അതിന്റെ ആദ്യ ഇടയനായി നിയോഗിക്കപ്പെട്ടത് മാർ ഡോമിനിക് കൊക്കാട്ടായിരുന്നു. 1984 മുതൽ 2006 വരെ നീണ്ട 22 വർഷക്കാലം അദേഹം രൂപതയെ നയിച്ചു. ഉത്തർപ്രദേശിലെ പിന്നാക്ക മേഖലകളിൽ ക്രൈസ്തവ സാന്നിധ്യം ഉറപ്പിക്കുന്നതിലും സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും അദേഹം വലിയ പങ്കുവഹിച്ചു. 2006 ൽ വിരമിച്ച ശേഷവും രൂപതയുടെ ആത്മീയ കാര്യങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

1922 ഫെബ്രുവരി 23 ന് വൈക്കത്താണ് ഡോമിനിക് കൊക്കാട്ടിന്റെ ജനനം. 1953ന് ലിറ്റിൽ ഫ്ലവർ സന്യാസ സമൂഹത്തില്‍ ചേർന്നു ഡോമിനിക് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കയിലെ കാൻഡിയിലെ പേപ്പൽ സെമിനാരിയിലും പൂനയിലും വൈദീക പഠനം പൂർത്തീകരിച്ചു. 1960 ഒക്ടോബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. ആലുവയിലെ സി‌എസ്‌ടി സെമിനാരി വൈസ് റെക്റ്റർ, ടെക്നിക്കൽ സ്കൂളിന്റെ പ്രിൻസിപ്പൽ, പഞ്ചാബ് സി‌എസ്‌ടി മിഷൻ സൂപ്പരിയർ തുടങ്ങി വിവിധ പദവികൾ വഹിച്ചു.

ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയുമാണ്' എന്ന ആപ്തവാക്യം സ്വീകരിച്ച് സേവനമനുഷ്ഠിച്ച മാർ ഡോമിനിക് 1988 ൽ കോൺഗ്രിഗേഷൻ ഓഫ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേ' എന്ന സന്യാസ സമൂഹത്തിന് രൂപം നൽകി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നൽകിയ സംഭാവനകൾ നിസ്തുലമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.