ആവശ്യം ഫൈവ് ഡേ വീക്ക്: ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ബാധിക്കും

ആവശ്യം ഫൈവ് ഡേ വീക്ക്: ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ബാധിക്കും

ന്യൂഡല്‍ഹി: ജനുവരി 27 ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ബാധിച്ചേക്കും. ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ (യുഎഫ്ബിയു) ജനുവരി 27 ന് രാജ്യ വ്യാപകമായുള്ള സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

24 ന് നാലാം ശനിയും 25 ന് ഞായറാഴ്ചയും 26 ന് റിപ്പബ്ലിക് ദിനവും കാരണം അവധിയാണ്. 27 ന് പണിമുടക്ക് കൂടിയാകുന്നതോടെ തുടര്‍ച്ചയായ നാല് ദിവസത്തെ മുടക്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ചീഫ് ലേബര്‍ കമ്മിഷണറുമായുള്ള ജനുവരി 23 ലെ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഒന്‍പത് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയുവിന്റെ സമരം. വിശദമായ ചര്‍ച്ച നടന്നെങ്കിലും തങ്ങളുയര്‍ത്തിയ ആവശ്യത്തെക്കുറിച്ച് ഉറപ്പ് ലഭിച്ചില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതിനാലാണ് സമരം. തങ്ങളുടെ യഥാര്‍ഥ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ വ്യക്തമാക്കി.

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം എന്ന ആവശ്യം മുന്നോട്ട് വെച്ച് പൊതുമേഖലാ ബാങ്കുകളിലാണ് പണിമുടക്ക് നടക്കുന്നത്. ഉപയോക്താക്കള്‍ക്ക് ബാങ്കുകളില്‍ നിന്ന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും അവധി നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിനങ്ങളില്‍ 40 മിനിറ്റ് അധിക സമയം ജോലി ചെയ്യാമെന്ന് അവര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.