വത്തിക്കാൻ സിറ്റി: വിവാഹബന്ധത്തിന്റെ അവിഭാജ്യതയെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലുകളിൽ മായം ചേർക്കരുതെന്ന് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വിവാഹമോചന കേസുകൾ കൈകാര്യം ചെയ്യുന്ന വത്തിക്കാനിലെ ഉന്നത നീതിന്യായ സഭയായ 'റോമൻ റോട്ട'യിലെ ജഡ്ജിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
വിവാഹക്കേസുകളിൽ വിധി പറയുമ്പോൾ സത്യം, കരുണ എന്നിവ തമ്മിലുള്ള ബന്ധം പ്രധാനമാണ്. ഇവ രണ്ടും വിപരീതങ്ങളല്ല. എന്നാൽ അമിതമായ അനുകമ്പയോ വിശ്വാസികളുടെ പ്രയാസങ്ങളിലുള്ള അമിത ഉത്കണ്ഠയോ മൂലം സത്യത്തെ ലാഘവത്തോടെ കാണുന്നത് അപകടകരമാണെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി.
മുൻപ് ഫ്രാൻസിസ് മാർപാപ്പ വിവാഹം അസാധുവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും പ്രാദേശിക മെത്രാന്മാർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികൾ വിവാഹകൂദാശയുടെ അവിഭാജ്യത എന്ന യാഥാർത്ഥ്യത്തെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും മറിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കാനായിരുന്നുവെന്നും ലിയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു.
തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാരുണ്യം, അത് അജപാലനപരമായ തീക്ഷ്ണതയുടെ ഭാഗമാണെങ്കിൽ കൂടി സത്യം കണ്ടെത്തുക എന്ന നീതിന്യായ ദൗത്യത്തെ മറയ്ക്കാൻ ഇടയാക്കരുതെന്നും പാപ്പ കൂട്ടിച്ചേർത്തു.