ഇസ്രയേലിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ മുസ്ലീം യുവാവിന്റെ ആക്രമണം; ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യം

ഇസ്രയേലിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ മുസ്ലീം യുവാവിന്റെ ആക്രമണം; ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യം

ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ ജാഫ മേഖലയിലുള്ള ചരിത്രപ്രസിദ്ധമായ സെന്റ് ആന്റണി കത്തോലിക്ക ദേവാലയത്തിന് നേരെ അക്രമം. പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറിയ അക്രമി വിശുദ്ധ കുരിശുകളും നിരവധി രൂപങ്ങളും അടിച്ചു തകർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ യുവാവിനെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെ ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിക്കുള്ളിലെ വിശുദ്ധ രൂപങ്ങൾ തകർത്ത് നിലത്തിട്ട നിലയിലും പല കുരിശുകളും ഒടിച്ച നിലയിലുമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞത്.

അതേസമയം വിശുദ്ധ നാടായ ഇസ്രയേലിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയും വിശ്വാസികൾക്ക് നേരെയും ഉള്ള ആക്രമണങ്ങൾ അടുത്തിടെയായി ആശങ്കാജനകമാംവിധം വർദ്ധിച്ചുവരികയാണ്. ജെറുസലേമിലെ സെന്റ് ജെയിംസ് അർമേനിയൻ കത്തീഡ്രലിന് നേരെ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത കേസിൽ ആറു പേരെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആരാധനാലയങ്ങളുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാവുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.