വാഷിങ്ടൺ : സമർപ്പിത ജീവിതം എന്നത് സ്വന്തം ജീവിതം മുഴുവനായി ദൈവത്തിന് നൽകിക്കൊണ്ട്, സ്വർഗ്ഗീയ സ്നേഹത്തിന് ഭൂമിയിൽ സാക്ഷ്യം വഹിക്കാനുള്ള ദൈവത്തിൻ്റെ ക്ഷണമാണെന്ന് അമേരിക്കൻ മെത്രാൻ സമിതി. ഫെബ്രുവരി രണ്ടിന് ആചരിക്കുന്ന 'സമർപ്പിതർക്ക് വേണ്ടിയുള്ള ആഗോള പ്രാർത്ഥനാ ദിനത്തിന്' മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഭയിലെ സമർപ്പിത ജീവിതത്തെക്കുറിച്ചും പുതിയതായി സന്യാസ വ്രതം സ്വീകരിക്കുന്നവരെക്കുറിച്ചും 'സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പസ്റ്റോലേറ്റ്' നടത്തിയ പഠനറിപ്പോർട്ടും ഇതിനോടനുബന്ധിച്ച് പുറത്തുവിട്ടു. 2025 ൽ നിത്യവ്രതവാഗ്ദാനം നടത്തിയവരിൽ ഭൂരിഭാഗം പേരും കത്തോലിക്കാ പശ്ചാത്തലത്തിൽ വളർന്നുവന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്.
സന്യാസ ജീവിതത്തിലേക്ക് കടന്നുവന്നവർ ദിവ്യകാരുണ്യ ആരാധനയിലും ധ്യാനത്തിലും ചിട്ടയായ പ്രാർത്ഥനാ ജീവിതത്തിലും അതീവ താല്പര്യം പുലർത്തുന്നവരാണ്. അതേസമയം സർവേയിൽ പങ്കെടുത്ത 82 ശതമാനം സന്യാസ സമൂഹങ്ങളിലും 2025 ൽ പുതിയതായി ആരും നിത്യവ്രതം സ്വീകരിച്ചിട്ടില്ല എന്നത് വെല്ലുവിളിയായി തുടരുന്നു.
തന്റെ ദൈവവിളിയെക്കുറിച്ച് ഡൊമിനിക്കൻ സന്യാസിനിയായ സിസ്റ്റർ മേരി അഗസ്റ്റിൻ ഫാം പങ്കുവെച്ച അനുഭവവും റിപ്പോർട്ടിലുണ്ട്. "ദൈവത്തെ മറികടക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ എന്റെ ഉള്ളിലെ അസ്വസ്ഥതകൾ യഥാർത്ഥത്തിൽ അവിടുത്തെ സ്നേഹത്തിൽ വിശ്രമിക്കാനുള്ള ക്ഷണമായിരുന്നു എന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു," സിസ്റ്റർ പറയുന്നു.
സമർപ്പിതർ ഭൂമിയിൽ ജീവിക്കുമ്പോഴും അവരുടെ ലക്ഷ്യം സ്വർഗ്ഗമാണെന്നും, ദൈവത്തെ പൂർണമായി സ്നേഹിക്കാനുള്ള ക്ഷണമാണ് അവരുടെ ജീവിതമെന്നും യു.എസ് മെത്രാൻ സമിതിയിലെ ക്ലർജി കോൺസിക്രേറ്റഡ് ലൈഫ് കമ്മിറ്റി ചെയർമാനായ ആർച്ച് ബിഷപ്പ് റൊണാൾഡ് എ. ഹിക്സ് പറഞ്ഞു.
1997 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഫെബ്രുവരി രണ്ട് സമർപ്പിതർക്കായുള്ള ദിനമായി പ്രഖ്യാപിച്ചത്.