ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. 2026- 2027 വര്‍ഷത്തില്‍ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലാകും വളര്‍ച്ച കൈവരിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ധനകമ്മി ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. 2020-21 കാലത്ത് 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25 കാലയളവില്‍ 4.8 ശതമാനമായി കുറഞ്ഞു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയും വളരെ കുറഞ്ഞു.
മൂലധന ചെലവ് ജിഡിപിയുടെ നാല് ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു. സാമ്പത്തിക മേഖലയുടെ മികവിന്റെ സൂചനയായി ഇതിനെ കാണാം. ആഭ്യന്തര ഡിമാന്‍ഡ്, സ്വകാര്യ ഉപഭോഗം തുടങ്ങിയവയായിരിക്കും വരും വര്‍ഷങ്ങളില്‍ വളര്‍ച്ചയെ നയിക്കുക. വിതരണ രംഗത്ത് സേവന മേഖലയായിരിക്കും പ്രധാന സംഭാവന നല്‍കുക.
അമേരിക്ക ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2.4 ശതമാനവും സേവന കയറ്റുമതി 6.5 ശതമാനവും വര്‍ധിച്ചു. 2026 ജനുവരിയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 11 മാസത്തെ ഇറക്കുമതി മൂല്യത്തിന് തുല്യമാണ്. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.8 ശതമാനമെന്ന മിതമായ നിലയിലും.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി 4.4 ശതമാനമായിരിക്കുമെന്ന് ബജറ്റില്‍ കണക്കാക്കുന്നു. 2024-25 കാലയളവില്‍ ഇത് 4.8 ശതമാനമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് മഹാമാരിക്ക് മുന്‍പുള്ള കാലത്തെ 1.7 ശതമാനത്തില്‍ നിന്ന് 2024-25 കാലത്ത് നാല് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.