ഹവാന: ക്യൂബയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അമേരിക്കയുടെ പുതിയ ഉപരോധങ്ങൾ രാജ്യത്ത് സാമൂഹിക അരാജകത്വത്തിനും അക്രമങ്ങൾക്കും വഴിവെക്കുമെന്ന് ക്യൂബൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ മുന്നറിയിപ്പ്.
ക്യൂബയിൽ നിന്നുള്ള സുരക്ഷാ ഭീഷണി മുൻനിർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ക്യൂബയ്ക്ക് നേരിട്ടോ അല്ലാതെയോ എണ്ണയോ അനുബന്ധ ഉൽപ്പന്നങ്ങളോ നൽകുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഹവാന ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ദ്വീപിന്റെ ഊർജ്ജ ലഭ്യത തടസപ്പെടുത്തുന്നത്.
എണ്ണ വിതരണം തടസപ്പെടുന്നത് രാജ്യത്തെ അതീവ ഗുരുതരമായി ബാധിക്കും. "ഒരേ ജനതയിലെ മക്കൾ തമ്മിലുണ്ടാകുന്ന അക്രമവും സാമൂഹിക അരാജകത്വവും ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങൾ അത്തരമൊരു ഭീഷണി ഉയർത്തുന്നുണ്ട്," മെത്രാന്മാർ വ്യക്തമാക്കി.
"കാര്യങ്ങൾ ഒട്ടും പന്തിയിലല്ല, ഇങ്ങനെ മുന്നോട്ട് പോകാനാവില്ല" എന്നതാണ് സാധാരണക്കാരുടെ വികാരം. ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ദരിദ്രർ, വയോജനങ്ങൾ, രോഗികൾ, കുട്ടികൾ എന്നിവരെയാണെന്നും സന്ദേശത്തിൽ പറയുന്നു.
സംഘർഷങ്ങൾ പരിഹരിക്കേണ്ടത് ഭീഷണികളിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ്. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്യൂബ സന്ദർശിച്ചപ്പോൾ നൽകിയ മുന്നറിയിപ്പ് മെത്രാന്മാർ അനുസ്മരിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയുടെ "ഇത് സ്നേഹത്തിന്റെ സമയമാണ്" എന്ന വാക്കുകൾ ഉദ്ധരിച്ച മെത്രാന്മാർ ആവശ്യമെങ്കിൽ സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ സഭ തയ്യാറാണെന്നും അറിയിച്ചു.
ക്യൂബ ലോകത്തിന് മുന്നിലും ലോകം ക്യൂബയ്ക്ക് മുന്നിലും തുറക്കപ്പെടണമെന്നും ദ്വീപിലെ എല്ലാ ജനങ്ങൾക്കും അന്തസോടെ ജീവിക്കാൻ അവസരമുണ്ടാകണമെന്നും ബിഷപ്പുമാർ ആഹ്വാനം ചെയ്തു.