ഞാനല്ല, ദൈവമാണ് ചെയ്തത് ; നാല് മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ഓസ്ട്രേലിയന്‍ ബാലന്റെ അത്ഭുത സാക്ഷ്യം

ഞാനല്ല, ദൈവമാണ് ചെയ്തത് ; നാല് മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ഓസ്ട്രേലിയന്‍ ബാലന്റെ അത്ഭുത സാക്ഷ്യം

സിഡ്‌നി: ആർത്തലയ്ക്കുന്ന കടലിനെയും പ്രതികൂല കാലാവസ്ഥയെയും വെല്ലുവിളിച്ച് സ്വന്തം കുടുംബത്തിന്റെ ജീവൻ തിരികെപ്പിടിച്ച 13 കാരൻ ഓസ്റ്റിൻ അപ്പെൽബി ഇന്ന് ഓസ്‌ട്രേലിയയുടെ ഹീറോയാണ്. കടലിൽ കിലോമീറ്ററുകളോളം അകന്നുപോയ തന്റെ അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ നാല് മണിക്കൂറോളമാണ് ഈ ബാലൻ കടലിൽ പോരാടിയത്. ഓസ്റ്റിന്റെ ഈ സമാനതകളില്ലാത്ത ധീരതയെ അതിമാനുഷികമായ പരിശ്രമം എന്നാണ് മറൈൻ റെസ്ക്യൂ ഓപ്പറേറ്റർമാർ വിശേഷിപ്പിച്ചത്.

2026 ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ചയായിരുന്നു വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ക്വിൻഡാൽപിന് സമീപം ആ നടുക്കുന്ന സംഭവം നടന്നത്. ഓസ്റ്റിനും അമ്മ ജൊവാന്നയും സഹോദരങ്ങളായ ബെയു (12), ഗ്രേസ് (8) എന്നിവരും കയാക്കുകളിലും പാഡിൽ ബോർഡുകളിലും യാത്ര ചെയ്യുകയായിരുന്നു.



അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് കുടുംബം തീരത്തുനിന്ന് കിലോമീറ്ററുകളോളം ദൂരേക്ക് ഒഴുകിപ്പോയി. നാല് മണിക്കൂറോളം കടലിൽ സഹായത്തിനായി കാത്തുനിന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ഒടുവിൽ തന്റെ കുടുംബത്തെ രക്ഷിക്കാൻ ഓസ്റ്റിൻ തന്നെ മുന്നിട്ടിറങ്ങി.

ഏകദേശം നാല് കിലോമീറ്റർ ദൂരമാണ് അവൻ കര ലക്ഷ്യമാക്കി കടലിലൂടെ നീന്തിയത്. കരയിലെത്തിയ ശേഷവും തളരാതെ, സഹായം തേടി മറ്റൊരു രണ്ട് കിലോമീറ്റർ കൂടി അവൻ ഓടി. ഓസ്റ്റിൻ നൽകിയ വിവരത്തെത്തുടർന്ന് രാത്രിയോടെ എത്തിയ രക്ഷാപ്രവർത്തകർ കുടുംബത്തെ സുരക്ഷിതമായി കരയിലെത്തിച്ചു.


ലോകം മുഴുവൻ പുകഴ്ത്തുമ്പോഴും തികഞ്ഞ വിനയത്തോടെയാണ് ഓസ്റ്റിൻ പ്രതികരിക്കുന്നത്. "അത് ചെയ്തത് ഞാനാണെന്ന് ഞാൻ കരുതുന്നില്ല, മുഴുവൻ സമയവും ദൈവമായിരുന്നു കൂടെയുണ്ടായിരുന്നത്" എന്ന് അവൻ പറഞ്ഞു. കടലിൽ നീന്തുമ്പോഴുടനീളം പ്രാർത്ഥനയും ദൈവസ്തുതികളും പാടിയതാണ് തനിക്ക് കരുത്തായതെന്നും അവൻ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.