ന്യൂഡല്‍ഹി: സുരക്ഷാ സേനകളിലും മറ്റ് തന്ത്രപ്രധാന ഏജന്‍സികളിലും സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ചാര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടയാന്‍ വിപുലമായ സോഫ്റ്റ് വെയര്‍ അധിഷ്ഠിത ഫയര്‍വാളും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് പ്രോട്ടോക്കോളും വികസിപ്പിക്കും.
പുതിയ പ്രോട്ടോകോള്‍ പ്രകാരം രാജ്യത്തെ ഇന്റലിജന്‍സ്, പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഏകീകൃത മാനദണ്ഡങ്ങള്‍ അവതരിപ്പിക്കും.
രാജ്യ സുരക്ഷയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക, ഡിജിറ്റല്‍ ആശയ വിനിമയങ്ങളുടെ നിരീക്ഷണം, ഓഡിറ്റിങ്, ലോഗിങ് എന്നിവ നിര്‍ബന്ധമാക്കുന്നതുമാണ് പുതിയ ചട്ടക്കൂട് വൈകാതെ നിലവില്‍ വരും. ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനങ്ങള്‍ ചാരവൃത്തിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നെന്ന വിലയിരുത്തലാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍.
പദ്ധതിയുടെ ഭാഗമായി വിശ്വസനീയവുമായ വിതരണ ശൃംഖലകളിലൂടെ ആയിരിക്കും ഇനി ഉപകരണങ്ങളുടെ വിതരണം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രീകൃത ഹാര്‍ഡ് വെയര്‍ സംഭരണ സംവിധാനം പ്രവര്‍ത്തിക്കും. മാല്‍വെയര്‍, സ്പൈവെയര്‍, അനധികൃത ഡാറ്റ ആക്‌സസ് എന്നിവ നിയന്ത്രിക്കും.
സേഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനുകള്‍, ഡാറ്റ സംഭരണ രീതികള്‍, ബാഹ്യ കണക്റ്റിവിറ്റി എന്നിവ കര്‍ശനമായ മാനദണ്ഡങ്ങളാല്‍ നിയന്ത്രിക്കപ്പെടും. അച്ചടക്കത്തോടെയുള്ള ഡിജിറ്റല്‍ രംഗം ഉറപ്പാക്കുക എന്നതാണ് നടപടികളുടെ ലക്ഷ്യമെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.