ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെയുമായി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരാകരിച്ച് കോണ്‍ഗ്രസ്. യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്നും സഖ്യം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈ വ്യക്തമാക്കി.
പാര്‍ട്ടി നേതാക്കള്‍ ഡിഎംകെയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്ര സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സെല്‍വപെരുന്തഗൈ കൂട്ടിച്ചേര്‍ത്തു. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമാണെന്നും അദേഹം പറഞ്ഞു.
ഡിഎംകെയുമായുള്ള സഖ്യം പുനപരിശോധിക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസിലെ ഒരുകൂട്ടം നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. നടന്‍ വിജയ് അധ്യക്ഷനായ ടിവികെയുമായി കോണ്‍ഗ്രസ് സഖ്യം ചേരണമെന്നാണ് ഇക്കൂട്ടരുടെ വാദം.
എന്നാല്‍ തമിഴ്നാട് തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ്. സിങ് ദിയോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഡിഎംകെയുമായുള്ള സഖ്യത്തില്‍ തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
ആകെയുള്ള 234 സീറ്റുകളില്‍ കഴിഞ്ഞ തവണ 25 സീറ്റുകളാണ് കോണ്‍ഗ്രസിന് ഡിഎംകെ നല്‍കിയത്. ഇതില്‍ 18 മണ്ഡലത്തില്‍ അവര്‍ വിജയിച്ചു. 188 സീറ്റില്‍ മത്സരിച്ച ഡിഎംകെ ആകട്ടെ 133 മണ്ഡലത്തിലും വിജയിച്ചിരുന്നു.