ലോക്‌സഭയുടെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. 14 ദിവസത്തിന് ശേഷം നോട്ടീസ് പരിഗണനയ്‌ക്കെടുക്കും.
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യാ സഖ്യത്തിലെ 118 എംപിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചത്.
ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങിനാണ് പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന കത്ത് സ്പീക്കര്‍ക്കും നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അവിശ്വാസ നോട്ടില്‍ ഒപ്പിട്ടില്ല. 14 ദിവസത്തിന് ശേഷം നോട്ടീസ് പരിഗണനയ്‌ക്കെടുക്കും.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, കെ. സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് നോട്ടീസ് കൈമാറിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സ്പീക്കര്‍ അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സഭാ നടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ലെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഇത് ജനാധിപത്യപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് നടപടിക്ക് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സഭയില്‍ ഇന്ത്യ-യുഎസ് വ്യാപാര ചട്ടക്കൂടിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങാത്തതിനാല്‍ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുകയായിരുന്നു.
മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച ലോക്സഭയില്‍ സ്തംഭനാവസ്ഥ തുടങ്ങിയത്.
പിന്നീടുണ്ടായ ബഹളം മൂലം രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. പ്രശ്‌ന പരിഹാരത്തിനായി സ്പീക്കര്‍ രാഹുല്‍ ഗാന്ധി, അഭിഷേക് ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക്‌സഭയുടെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യാ സഖ്യ യോഗം ചേര്‍ന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തിനൊപ്പം വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കര്‍ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.