ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെ ഇങ്ങനെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് ഭരണപക്ഷത്തോട് രാഹുല്‍ ഗാന്ധി ചോദിച്ചു.
ബജറ്റ് ചര്‍ച്ചയ്ക്കിടയിലാണ് ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ-യു.എസ് കരാറിനെയും പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും രൂക്ഷമായ ഭാഷയില്‍ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.
നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഈ രാജ്യത്തെ ഇങ്ങനെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ, നമ്മുടെ അമ്മയെയാണ് നിങ്ങള്‍ വിറ്റത്, ഭാരത് മാതാവിനെ. പ്രധാനമന്ത്രിയുടെ കണ്ണില്‍ ഭയം നിഴലിക്കുന്നുണ്ടെന്നും അദേഹത്തിന്റെ കൈകള്‍ കെട്ടി വെച്ചിരിക്കുകയാണെന്നും നരേന്ദ്ര മോഡി ട്രംപിന് മുമ്പില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എപ്സ്റ്റീന്‍ ഫയലിനെ കുറിച്ചും ഫയലില്‍ പേരുള്ള മന്ത്രി ഹര്‍ദിഷ് പുരിയേയും അനില്‍ അംബാനിയെ കുറിച്ചും ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു തുടങ്ങിയപ്പോഴേ ഭരണപക്ഷം ബഹളം വെച്ചു വിഷയം മാറ്റാന്‍ സ്പീക്കറോട് പറഞ്ഞു.
എപ്സ്റ്റീന്‍ കേസില്‍ മൂന്ന് മില്യണ്‍ ഫയലുകള്‍ ലോക്ക് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കീഴടങ്ങിയതെന്നും അദേഹത്തിന്റെ കണ്ണില്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി ഇതോട് ചേര്‍ത്തു പറഞ്ഞു.
നമ്മള്‍ എന്ത് വാങ്ങിക്കണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണുള്ളത്. ഇന്ത്യ-യു.എസ് കരാറില്‍ എന്തെന്ന് ഇതുവരെയും വ്യക്തതയില്ലെന്നും പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ലെന്നും രാഹുല്‍ പരിഹസിച്ചു.
അമേരിക്കയ്ക്ക് ലോക ശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കില്‍ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കര്‍ഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കര്‍ഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മോഡിയെ ശക്തമായ കരങ്ങള്‍ പിടിച്ചു വെച്ചിരിക്കുകയാണെന്നും അത് എന്താണെന്നറിയാന്‍ എപ്‌സറ്റീന്‍ ഫയലുകള്‍ കാണണമെന്നും രാഹുല്‍ പറഞ്ഞു. ആ വിഷയം സഭയില്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് സഭാ അധ്യക്ഷന്‍ രാഹുലിനോട് വ്യക്തമാക്കി.
പേര് ഉന്നയിച്ചുള്ള ആരോപണങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ പേര് ഒഴിവാക്കി വിഷയം അവതരിപ്പിച്ചെങ്കിലും ഭരണപക്ഷം ഇതിനെയും എതിര്‍ത്തു. തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും തെളിവുകള്‍ സഭയില്‍ വെക്കണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് രാഹുല്‍ തിരിച്ചടിച്ചു.