സിഡ്‌നി: ഇസ്രയേൽ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് സിഡ്‌നി ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധക്കാർ അഴിച്ചുവിട്ട സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ബലപ്രയോഗം നടത്തി. പ്രതിഷേധത്തിനിടെ ഗതാഗതം തടസപ്പെടുത്തി റോഡിൽ പ്രാർത്ഥനയ്ക്കിരുന്നവരെ മാറ്റാൻ ശ്രമിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് എൻ.എസ്.ഡബ്ല്യു (NSW) അധികൃതർ രംഗത്തെത്തി.
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായതോടെയാണ് പൊലീസ് ഇടപെട്ടത്. ടൗൺ ഹാളിന് മുന്നിലെ തിരക്കേറിയ റോഡിൽ പ്രാർത്ഥനയ്ക്കായി ഒത്തുചേർന്നവർ ഗതാഗത തടസമുണ്ടാക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നിയമപരമായ ബാധ്യത പോലീസിനുണ്ടായിരുന്നെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് പ്രതിഷേധക്കാരെ നീക്കിയതെന്നും പൊലീസ് കമ്മീഷണർ മാൽ ലാനിയൻ വ്യക്തമാക്കി.

നഗരത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി പാലസ്തീൻ ആക്ഷൻ ഗ്രൂപ്പാണെന്ന് പൊലീസ് മന്ത്രി യാസ്മിൻ കാറ്റ്‌ലി ആരോപിച്ചു. സമാധാനപരമായി നടക്കേണ്ട കാര്യങ്ങളെ അക്രമാസക്തമായ രീതിയിലേക്ക് മാറ്റിയത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. പരിക്കേറ്റ സംഭവങ്ങളിൽ പൊലീസിനെ പഴിചാരുന്നതിന് പകരം സംഘാടകർ മാപ്പ് പറയണമെന്നും അവർ കൂട്ടിച്ചേർത്തു.
പൊലീസ് നടപടിയെ തുടർന്ന് ചില സംഘടനകൾ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടെങ്കിലും സർക്കാർ പോലീസിനൊപ്പം ഉറച്ചുനിൽക്കുകയാണ്. ആരെയും വേദനിപ്പിക്കാൻ മനപൂർവം ശ്രമിച്ചിട്ടില്ലെന്നും എന്നാൽ ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടയിൽ പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും 27 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാര്യങ്ങളെ ഭാഗികമായി മാത്രമാണ് ചിത്രീകരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാർ പൊലീസിനെ പ്രകോപിപ്പിക്കുകയും ആയുധങ്ങളുമായി എത്തുകയും ചെയ്ത സാഹചര്യത്തിലാണ് സ്വയരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കുമായി ബലപ്രയോഗം നടത്തേണ്ടി വന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.