ലഹരി കലര്‍ന്ന വെള്ളം കുടുപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു.
സമസ്തിപൂര്‍: ബിഹാറില്‍ 'പക്കട്വാ വിവാഹ്' വീണ്ടും ചര്‍ച്ചയാകുന്നു. തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന രീതിയാണിത്. സമസ്തിപൂര്‍ സ്വദേശി നിതീഷ് കുമാര്‍ (22) എന്ന യുവാവാണ് ഇത്തവണ ഇരയായത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലഹരി കലര്‍ന്ന വെള്ളം ബലമായി കുടുപ്പിച്ചാണ് നിതീഷിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. സംഭവത്തില്‍ യുവാവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ നിതീഷിനെ കൂട്ടുകാര്‍ ലഹരി കലര്‍ന്ന വെള്ളം നല്‍കി ബോധരഹിതനാക്കുകയും തുടര്‍ന്ന് അടുത്തുള്ള ഗ്രാമത്തിലെ വീട്ടിലെത്തിച്ച് അവിടത്തെ പെണ്‍കുട്ടിയെക്കൊണ്ട് ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു.
വിവാഹ ചടങ്ങുകള്‍ക്കിടയിലും നിതീഷ് അബോധാവസ്ഥയിലായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനുശേഷം രണ്ട് ദിവസത്തോളം യുവാവിനെ ഒരു മുറിയില്‍ ബന്ദിയാക്കി പൂട്ടിയിട്ടു. ബോധം തിരിച്ചുകിട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിവാഹ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അവിടെത്തന്നെ നിര്‍ത്താന്‍ പെണ്‍വീട്ടുകാര്‍ ശ്രമിച്ചു.
മകനെ കാണാനില്ലെന്ന് കാണിച്ച് നിതീഷിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് തടവില്‍ നിന്നും യുവാവിനെ മോചിപ്പിച്ചത്. തടങ്കലില്‍ വച്ച് ശാരീരിക ഉപദ്രവം ഏറ്റതായും നിതീഷ് ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബഹാറിലെ ഗ്രാമപ്രദേശങ്ങളില്‍ ഇന്നും തുടരുന്ന 'പക്കട്വാ വിവാഹ്' രീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.