ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് (പിഎംഒ) സ്ഥിതി ചെയ്യുന്ന സംയോജിത സമുച്ചയമായ 'സേവാ തീര്‍ത്ഥ്' പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് സ്ഥാന മാറ്റമുണ്ടാകുന്നത്.
നിരവധി പ്രധാന മന്ത്രാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍തവ്യ ഭവന്‍ 1, 2 എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതോടെ പലയിടങ്ങളിലായി സ്ഥിതി ചെയ്തിരുന്ന പ്രധാന സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും ആധുനിക സൗകര്യങ്ങളുള്ള പുതിയ സമുച്ചയത്തിലേക്ക് മാറും.
ഏകോപനങ്ങളില്ലാത്തത്, പരിപാലന ചെലവുകള്‍ കൂടുന്നത്, കാലാഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള മോചനവും കൂടിയാകും പുതിയ ഓഫീസ് വരുന്നതോടെ ഉണ്ടാകുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് തുടങ്ങിയവ ഇനി സേവാ തീര്‍ത്ഥിലാണ് സ്ഥിതി ചെയ്യുക. നിയമം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി, മറ്റ് നിരവധി പ്രധാന മന്ത്രാലയങ്ങള്‍ എന്നിവ കാര്‍ത്തവ്യ ഭവന്‍ 1, 2 എന്നിവയില്‍ പ്രവര്‍ത്തിക്കും. രണ്ട് കെട്ടിട സമുച്ചയങ്ങളിലും ഡിജിറ്റലൈസ്ഡ് ഓഫീസുകളാണുള്ളത്. കൂടാതെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ട്.