വത്തിക്കാൻ സിറ്റി: യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ ഫെബ്രുവരി 12 നായിരുന്നു ഇരുവരും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ച. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും ചർച്ചാവിഷയമായി.
യുക്രെയ്ൻ ജനതയ്ക്ക് നൽകിവരുന്ന നിരന്തരമായ പിന്തുണയ്ക്കും സമാധാനം പുനസ്ഥാപിക്കാനായി വത്തിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്കും ആർച്ച് ബിഷപ്പ് മാർപാപ്പയ്ക്ക് നന്ദി അറിയിച്ചു. യുക്രെയ്നിലെ സഭ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും സഭാതലവൻ മാർപാപ്പയോട് വിശദീകരിച്ചു.
കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി യുദ്ധകാലത്തെ സമാധാനത്തിന്റെ പ്രതീകമായ 'സമാധാനത്തിന്റെ പ്രാവ്' എന്ന ശിൽപം മാർപാപ്പയ്ക്ക് സമ്മാനിച്ചു. യുക്രെയ്ൻ സന്ദർശിക്കാനായി മാർപാപ്പയെ വീണ്ടും ക്ഷണിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഊർജ പ്രതിസന്ധിയും കൊടും തണുപ്പും മൂലം ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്കായി വത്തിക്കാൻ കഴിഞ്ഞ ദിവസം വലിയ തോതിലുള്ള സഹായമെത്തിച്ചിരുന്നു. 80 വൈദ്യുതി ജനറേറ്ററുകളും അത്യാവശ്യ മരുന്നുകളുമാണ് മാർപാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി രാജ്യത്തേക്ക് അയച്ചത്.