ഡൽഹി–മെൽബൺ റൂട്ടിൽ ഫസ്റ്റ് ക്ലാസ് ലക്ഷ്വറിയുമായി എയർ ഇന്ത്യ; ബോയിങ് 777 സർവീസ് ജൂലൈ മുതൽ

ഡൽഹി–മെൽബൺ റൂട്ടിൽ ഫസ്റ്റ് ക്ലാസ് ലക്ഷ്വറിയുമായി എയർ ഇന്ത്യ; ബോയിങ് 777 സർവീസ് ജൂലൈ മുതൽ

ന്യൂഡൽഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതാൻ എയർ ഇന്ത്യ. ഡൽഹി–മെൽബൺ റൂട്ടിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബോയിങ് 777 വിമാനം സർവീസ് ആരംഭിക്കുന്നു.

2026 ജൂലൈ ഒന്നു മുതലാണ് വിമാന യാത്രക്കാർക്ക് ആഡംബരത്തിന്റെ പുതിയ ലോകം തുറന്നുനൽകുന്നത്. നിലവിൽ സർവീസ് നടത്തുന്ന ബോയിങ് 787 വിമാനങ്ങൾക്ക് പകരമായാണ് കൂടുതൽ സൗകര്യങ്ങളുള്ള ഈ കരുത്തൻ വിമാനം എത്തുന്നത്.

പൂർണ സ്വകാര്യത ഉറപ്പാക്കുന്ന എട്ട് 'ഡയമണ്ട് ഫസ്റ്റ് ക്ലാസ്' സൂട്ടുകളാണ് വിമാനത്തിന്റെ പ്രധാന ആകർഷണം. 1.6 മീറ്റർ ഉയരമുള്ള ചുവരുകളും സ്ലൈഡിങ് ഡോറുകളും ഇതിലുണ്ടാകും. ദീർഘദൂര യാത്രയുടെ ക്ഷീണമകറ്റാൻ സീറ്റുകൾ രണ്ട് മീറ്റർ നീളമുള്ള പൂർണമായ 'ഫ്ലാറ്റ് ബെഡു'കളായി മാറ്റാം. ഫസ്റ്റ് ക്ലാസിന് പുറമെ ബിസിനസ് ക്ലാസിലും യാത്രാസൗകര്യങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ബിസിനസ് പ്രമുഖർക്കും ഈ മാറ്റം വലിയ ആശ്വാസമാകും. വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാതെ തന്നെ സർവീസുകളുടെ ഗുണനിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എയർ ഇന്ത്യ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്. ഇതോടെ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള ഏറ്റവും സുഖകരമായ യാത്രാ മാർ​ഗമായി എയർ ഇന്ത്യ മാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.