സിഡ്‌നി: ലോകത്തെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണക്കേസിലെ പ്രതി നവീദ് അക്രം (24) ആദ്യമായി കോടതിയിൽ ഹാജരായി. വീഡിയോ ലിങ്ക് വഴി സിഡ്‌നി ഡൗണിങ് സെന്റർ ലോക്കൽ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കൊലപാതകം, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ലംഘിക്കൽ തുടങ്ങി അതീവ ഗുരുതരമായ 59 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡെപ്യൂട്ടി ചീഫ് മജിസ്‌ട്രേറ്റ് ഷാരോൺ ഫ്രോയിഡിന് മുന്നിലാണ് നടപടികൾ ആരംഭിച്ചത്. ജയിൽ അധികൃതർ നൽകിയ പച്ച നിറത്തിലുള്ള ജമ്പർ ധരിച്ച് വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട അക്രം ശാന്തനായിരുന്നു. കോടതി നടപടികൾ വ്യക്തമാണോ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോൾ അതെ എന്ന് മാത്രമാണ് പ്രതി മറുപടി നൽകിയത്.
ഞാൻ പറയുന്നത് കേൾക്കാമോ? എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനും അതെ എന്ന് അക്രം പ്രതികരിച്ചു. പ്രതിഭാഗം സോളിസിറ്റർ ബെൻ ആർക്കിബോൾഡ് തന്റെ കക്ഷിയുമായി സംസാരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.
കേസ് നടപടികൾ പൂർത്തിയാക്കി ഏപ്രിൽ ഒമ്പതിന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. നഗരത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു