അധിനിവേശത്തിന്റെ മുറിവുകൾ ഉണങ്ങുന്നു; ഇറാഖിലെ പുരാതന ക്രൈസ്തവ ചുവർചിത്രങ്ങൾ പുനർജനിക്കുന്നു

അധിനിവേശത്തിന്റെ മുറിവുകൾ ഉണങ്ങുന്നു; ഇറാഖിലെ പുരാതന ക്രൈസ്തവ ചുവർചിത്രങ്ങൾ പുനർജനിക്കുന്നു

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്തെറിഞ്ഞ ഇറാഖിലെ വിശ്വപ്രസിദ്ധമായ ക്രൈസ്തവ പൈതൃക സ്മാരകങ്ങൾ വീണ്ടും പ്രൗഢിയോടെ ഉയിർത്തെഴുന്നേൽക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ നിർമ്മാണ വൈദഗ്ധ്യം വിളിച്ചോതുന്ന മാർ ബെഹ്‌നാമിലെയും സാറാ ആശ്രമത്തിലെയും ചരിത്രപരമായ ചുവർ ചിത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്.

ഒരു പതിറ്റാണ്ട് മുൻപ് നടന്ന അധിനിവേശ കാലയളവിലാണ് ഇറാഖിലെ ക്രൈസ്തവ പൈതൃകം എന്നെന്നേക്കുമായി മായ്ച്ചുകളയാൻ ലക്ഷ്യമിട്ട് ഭീകരർ ഈ കലാസൃഷ്ടികൾ വികൃതമാക്കിയത്. മാലാഖമാരുടെയും വിശുദ്ധരുടെയും ചിത്രങ്ങൾ ഉൾപ്പെടെയുള്ള അപൂർവ്വ ചുവർചിത്രങ്ങൾക്ക് ഏകദേശം 80 ശതമാനത്തോളം നാശനഷ്ടങ്ങൾ ഭീകരർ വരുത്തിയിരുന്നു. ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത അത്ര സൂക്ഷ്മമായ കലാവിരുതായിരുന്നു ഈ രണ്ട് ആശ്രമങ്ങളിലെയും പ്രത്യേകത.

ഫ്രഞ്ച് സംഘടനയായ 'മെസൊപ്പൊട്ടേമിയ'യുമായി സഹകരിച്ചാണ് തകർന്ന ചുവർചിത്രങ്ങൾ പൂർവ്വസ്ഥിതിയിലാക്കുന്നത്. ലഭ്യമായതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ചിത്രങ്ങളും രേഖകളും ആധാരമാക്കിയാണ് ഓരോ ചതുരശ്ര ഇഞ്ചും ശാസ്ത്രീയമായി പുനസൃഷ്ടിക്കുന്നത്. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച മാർ ബെഹ്നാമിന്റെയും വിശുദ്ധ സാറയുടെയും ചരിത്രമാണ് ഈ ചുവർചിത്രങ്ങളിൽ പ്രധാനമായും ആലേഖനം ചെയ്തിരിക്കുന്നത്.

"നാശനഷ്ടങ്ങളുടെ തീവ്രതയും പുനരുദ്ധാരണത്തിനുള്ള വൻ ചെലവും വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും ദൈവിക പരിപാലനയാൽ ഈ പുണ്യഭൂമിയിലെ സ്മരണകൾ വീണ്ടും പുനസൃഷ്ടിക്കപ്പെടുകയാണ്," എന്ന് ആശ്രമം സുപ്പീരിയർ മാസൻ മറ്റൊക പറഞ്ഞു. യുദ്ധവും വിദ്വേഷവും തകർത്ത ഇറാഖി മണ്ണിൽ സഹിഷ്ണുതയുടെയും പ്രത്യാശയുടെയും വലിയ അടയാളമായി ഈ പുനരുദ്ധാരണം മാറുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.