ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടം പോലെ ഉപദ്രവിക്കാം; എല്ലുകള്‍ ഒടിക്കുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാന്‍ പാടില്ല; ഗാര്‍ഹിക പീഡനം നിയമ വിധേയമാക്കി താലിബാന്‍

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടം പോലെ ഉപദ്രവിക്കാം; എല്ലുകള്‍ ഒടിക്കുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാന്‍ പാടില്ല; ഗാര്‍ഹിക പീഡനം നിയമ വിധേയമാക്കി താലിബാന്‍

കാബൂൾ: ​ഗാർഹിക പീഡനത്തിന് അനുമതി നൽകി അഫ്​ഗാനിസ്ഥാന്റെ ഭരണം കയ്യാളുന്ന താലിബാൻ. എല്ലുകൾ ഒടിയുകയോ തുറന്ന മുറിവുകൾ ഉണ്ടാവുകയോ ചെയ്യാത്ത രീതിയിൽ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാമെന്നാണ് നിയമം പറയുന്നത്.

കുറ്റവാളി സ്വതന്ത്രനാണോ അതോ അടിമയാണോ എന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്ത തലത്തിലുള്ള ശിക്ഷകൾ അനുവദിക്കുന്ന ഒരു തരം ജാതിവ്യവസ്ഥയ്ക്കും രൂപം നൽകിയിട്ടുണ്ട്. പുതിയ ശിക്ഷാനിയമത്തിൽ താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ചു.

ബലപ്രയോഗത്തിലൂടെ ഭർത്താവ് ഭാര്യയുടെ അസ്ഥി ഒടിക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്താൽ പോലും അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്. കൂടാതെ ഒരു സ്ത്രീ കോടതിയിൽ പീഡനം തെളിയിച്ചാൽ മാത്രമേ ഭർത്താവിനെ ശിക്ഷിക്കാൻ കഴിയൂ.

വിചാരണ വേളയിൽ ശരീരം പൂർണമായും മറച്ചുകൊണ്ട് തന്നെ തന്റെ മുറിവുകൾ ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ സ്ത്രീ നിർബന്ധിതയാകും. ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് ഭർത്താവോ അല്ലെങ്കിൽ മറ്റ് പുരുഷ തുണയോ ഇല്ലാതെ കോടതിയിൽ എത്താനും കഴിയില്ല. അതേസമയം ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന വിവാഹിതയായ ഒരു സ്ത്രീക്ക് മൂന്ന് മാസം വരെ തടവുശിക്ഷ ലഭിക്കാം.

ആർട്ടിക്കിൾ ഒമ്പത് പ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരം തിരിച്ചിട്ടുണ്ട്. മതപണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്‌റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് ഈ വിഭജനം. പുതിയ നിയമ പ്രകാരം ഒരാൾക്ക് ലഭിക്കുന്ന ശിക്ഷ കുറ്റകൃത്യത്തിന്റെ തീവ്രതയല്ല മറിച്ച് പ്രതിയുടെ സാമൂഹിക പദവി അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുന്നത്.

2009 ൽ യുഎസ് പിന്തുണയുള്ള ഭരണകൂടം കൊണ്ടുവന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കൽ നിയമത്തെ റദ്ദാക്കിക്കൊണ്ടാണ് പുതിയ കോഡ് നിലവിൽ വന്നത്. ഈ നിയമത്തിനെതിരെ സംസാരിക്കുന്നത് പോലും കുറ്റകരമാക്കിയതിനാൽ ജനങ്ങൾ ഭീതിയിലാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.