ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യയുടെ 'മാനവ്' പദ്ധതിയെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മനുഷ്യന്‍ എന്നതിന്റെ ഹിന്ദി പദമാണ് 'മാനവ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'അഞ്ച് പ്രധാന തത്വങ്ങളെ ഈ വാക്ക് പ്രതിനിധീകരിക്കുന്നുവെന്ന് മോഡി ചൂണ്ടിക്കാട്ടി. ധാര്‍മിക സംവിധാനം, ഉത്തരവാദിത്ത ഭരണം, ഡാറ്റയ്ക്കുള്ള അവകാശം ഉള്‍പ്പെടെ ദേശീയ പരമാധികാരം, ആക്‌സസ് ചെയ്യാവുന്നതും ഉള്‍ക്കൊള്ളുന്നതുമായ സാങ്കേതിക വിദ്യ, സാധുതയുള്ളതും നിയമാനുസൃതവുമായ സംവിധാനങ്ങള്‍ എന്നിവയാണത്.
വയര്‍ലെസ് ആശയ വിനിമയത്തിന്റെ കണ്ടുപിടുത്തത്തിന് തുല്യമായ ചരിത്രപരമായ പരിവര്‍ത്തനമാണ് എഐ. നമ്മള്‍ ഇന്ന് കാണുന്നതും പ്രവചിക്കുന്നതുമെല്ലാം അതിന്റെ സ്വാധീനത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യന്ത്രങ്ങളെ എഐ ബുദ്ധിയുള്ളതാക്കുന്നു. അതിലുപരി, മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വര്‍ധിപ്പിക്കുന്നു. ഒരുകാലത്ത് പതിറ്റാണ്ടുകള്‍ എടുത്തിരുന്ന സാങ്കേതിക വളര്‍ച്ച ഇപ്പോള്‍ വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. മെഷീന്‍ ലേണിങില്‍ നിന്ന് 'ലേണിങ് മെഷീനുകളിലേക്കുള്ള' മാറ്റം മുമ്പത്തേക്കാള്‍ വേഗ മേറിയതായി നരേന്ദ്ര മോഡി വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഫെബ്രുവരി 16 ആരംഭിച്ച എഐ ഇംപാക്ട് ഉച്ചകോടി 20 ന് സമാപിക്കും. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ അഞ്ഞൂറിലധികം ആഗോള നേതാക്കള്‍, 150 അക്കാദമിക് ഗവേഷകര്‍, 400 ചീഫ് ടെക്‌നോളജി ഓഫീസര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.