ഒട്ടാവ: ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ തുടര്‍ന്ന് വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ സുപ്രധാന ശ്രമങ്ങളുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലഘട്ടത്തില്‍ വഷളായ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനായി സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നയമാണ് കാര്‍ണി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളും ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചിരുന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് കാനഡ പിന്നോട്ട് പോയതും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതും കാര്‍ണിയുടെ ശ്രമങ്ങളുടെ ഭാഗമാണ്. പ്രധാനമന്ത്രി മോഡിയുമായുള്ള തുടര്‍ച്ചയായ കൂടിക്കാഴ്ചകളിലൂടെയും ന്യൂക്ലിയര്‍, ഊര്‍ജ മേഖലകളിലെ പുതിയ കരാറുകളിലൂടെയും പരസ്പര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് കാര്‍ണി ലക്ഷ്യമിടുന്നത്.
2025 മാര്‍ച്ചില്‍ അധികാരമേറ്റ മാര്‍ക്ക് കാര്‍ണി കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളില്‍ നരേന്ദ്ര മോഡിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തി. ഹൈക്കമ്മീഷണര്‍മാരെ പുനസ്ഥാപിക്കാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാനും കാര്‍ണി മുന്‍കൈ എടുത്തു.
ഇന്ത്യയ്‌ക്കെതിരെയുള്ള പഴയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയ അദേഹം, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കി ഇന്ത്യയുടെ വിശ്വാസം നേടിയെടുത്തു. തന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിന്ന് അദേഹം പഞ്ചാബ് ഒഴിവാക്കുകയും ചെയ്തു. കാനഡയിലെ ആഭ്യന്തര രാഷ്ട്രീയവും വോട്ട് ബാങ്ക് താല്‍പര്യങ്ങളും വിദേശ നയതന്ത്രത്തില്‍ കലര്‍ത്താതിരിക്കാനാണ് അദേഹം ഇതിലൂടെ ശ്രമിക്കുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യാ സന്ദര്‍ശനം പൂര്‍ണമായും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് അദേഹം ഈ നീക്കത്തിലൂടെ വ്യക്തമാക്കിയത്. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യണ്‍ ഡോളറില്‍ എത്തിക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
ഇതിന്റെ ഭാഗമായി യുറേനിയം വിതരണം, എല്‍എന്‍ജി, നിര്‍ണായക ധാതുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഇത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ കരുത്ത് പകരും.