ഇസ്ലമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് പാകിസ്ഥാനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ് എന്നാണ് അദേഹത്തിന്റെ ആരോപണം.
ഫ്രാന്‍സ് 24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിച്ചത്. ഡല്‍ഹിയും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോള്‍ ഒരേ നിലപാടിലാണെന്ന് അദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനെക്കൊണ്ട് പാകിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി.
എന്നാല്‍ ഇത്രയും ഗൗരവകരമായ ആരോപണത്തിന് പിന്നില്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന്, ഇതിന്റെ അനന്തരഫലങ്ങള്‍ തങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം. ഇന്ത്യ ഈ ആരോപണങ്ങള്‍ അംഗീകരിക്കില്ലെന്ന് തനിക്കറിയാമെന്നും പാക് മന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി നിലവില്‍ പാകിസ്ഥാന് നേരിട്ട് ബന്ധമില്ല. പ്രശ്‌ന പരിഹാരത്തിനായി ചില സൗഹൃദ രാജ്യങ്ങളെ മധ്യസ്ഥതയ്ക്കായി സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം പൂര്‍ണമായ സൈനിക നീക്കങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.