വാഷിങ്ടൺ: ലിബിയയിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ജീവൻ വെടിഞ്ഞ 21 കോപ്റ്റിക് രക്തസാക്ഷികൾ ഇന്നും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ ഊർജ്ജമാണ് പകരുന്നതെന്ന് 'ദ ചോസൺ' പരമ്പരയിലെ യേശുവിനെ അവതരിപ്പിച്ച നടൻ ജോനാഥൻ റൂമി. ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്നുപോകുമ്പോൾ ഈ രക്തസാക്ഷികളുടെ കഥകൾ നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 22 ന് വാഷിംഗ്ടണിൽ നടന്ന രക്തസാക്ഷികളെ അനുസ്മരിച്ചുള്ള പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു റൂമി. കോപ്റ്റിക് ഓർഫൻസും മ്യൂസിയവും ചേർന്നാണ് ഈ അനുസ്മരണ സംഗമം സംഘടിപ്പിച്ചത്. "അവർ യേശുവിനു വേണ്ടി മരിച്ചു, ഇന്ന് അവനുവേണ്ടി ജീവിക്കാൻ ഞാൻ എന്താണ് ചെയ്യുന്നത്?" എന്ന ആത്മപരിശോധനാപരമായ ചോദ്യം അദ്ദേഹം സദസ്യർക്ക് മുന്നിൽ വച്ചു.
2015 ഫെബ്രുവരി 15 നാണ് ലോകത്തെ നടുക്കിയ ആ ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്. ലിബിയയിലെ സിർട്ടെ കടൽത്തീരത്ത് വെച്ച് ഐഎസ് തീവ്രവാദികളാണ് 21 ക്രൈസ്തവരെ കൊലപ്പെടുത്തിയത്. മരണം മുന്നിൽ കണ്ട നിമിഷങ്ങളിലും ക്രിസ്തുവിനെ തള്ളിപ്പറയാതെ പ്രാർത്ഥിച്ച ഇവരുടെ ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. ഇവരെ പിന്നീട് കോപ്റ്റിക് ഓർത്തഡോക്സ് സഭ രക്തസാക്ഷികളായി പ്രഖ്യാപിച്ചു.