ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രയേലിലും മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെയും വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്‍.
ഇസ്രയേലിലെ ടെല്‍ അവീവിലും മിഡില്‍ ഈസ്റ്റില്‍ ഇറാഖിലെ അടക്കം 27 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. ടെല്‍ അവീവില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ അമേരിക്ക തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തു വിട്ടു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ തള്ളിക്കളഞ്ഞു. ഇറാന്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളില്‍ തുടരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ ഖൊമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. അമേരിക്കക്കാര്‍ ഇറാന്‍ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്. പകരം തങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും എന്നാണ് ലാരിജാനിയുടെ മുന്നറിയിപ്പ്.
അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെയുള്ള സൈനിക നടപടി കൂടുതല്‍ ശക്തമായി തുടരും. അടിച്ച് ഓടിപ്പോകാന്‍ ഇത് സിനിമയല്ലെന്ന് അവര്‍ തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു. ഖൊമേനിയുടെ അഭാവത്തില്‍ രാജ്യം ഭരിക്കാന്‍ പ്രസിഡന്റും ജുഡീഷ്യറി തലവനും ഉള്‍പ്പെടുന്ന ഒരു താല്‍കാലിക നേതൃത്വം ഉടന്‍ നിലവില്‍ വരുമെന്നും അദേഹം അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും. അമേരിക്കന്‍ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുമെന്നും ലാരിജാനി വ്യക്തമാക്കി.