വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര അഭിസംബോധന പ്രസംഗത്തിലാണ് പോപിൻ്റെ ആഹ്വാനം. ആയുധങ്ങൾ കൊണ്ടല്ല ചർച്ചയിലൂടെയാണ് സമാധാനവും സ്ഥിരതയും ഉണ്ടാക്കേണ്ടത്. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമുണ്ടാകും മുൻപ് ധാർമികമായി ഉത്തരവാദിത്തത്തെ കുറിച്ച് രാജ്യങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു.
മറ്റ് ലോകനേതാക്കളും സംഘർഷാവസ്ഥയിൽ പ്രതികരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമനേയിയുടെ വധത്തെ റഷ്യ അപലപിച്ചു. നടന്നത് ഹീനമായ കൊലപാതകമെന്ന് പ്രസിഡൻ്റ് പുടിൻ പറഞ്ഞു. റഷ്യ ഇറാനൊപ്പമാണ്. ഇസ്രയേലും അമേരിക്കയും നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും പുടിൻ വ്യക്തമാക്കി.
ഇറാനിലെ ആക്രമണങ്ങളെ അപലപിച്ച ഉത്തര കൊറിയ നടന്നത് ഇറാന്റെ പരമാധികാരത്തിലേക്കുള്ള നിയമ വിരുദ്ധ കടന്നു കയറ്റമാണെന്ന് വ്യക്തമാക്കി. യുഎസിന്റെ ഗുണ്ടായിസം പ്രതീക്ഷിച്ചിരുന്നതാണെന്നും ഉത്തര കൊറിയ പ്രസ്താവനയില്‍ പറഞ്ഞു.
ചൈനയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെന്ന് ചൈന പ്രസ്താവനയില്‍ പറഞ്ഞു.