'അവരുടെ ശേഷിയ്ക്ക് വലിയ തിരിച്ചടി നല്‍കി';ഇറാന്റെ ഇന്റലിജന്‍സ് തലപ്പത്തെ പ്രമുഖരെ വധിച്ചെന്ന് ഇസ്രയേല്‍ സേന

'അവരുടെ ശേഷിയ്ക്ക് വലിയ തിരിച്ചടി നല്‍കി';ഇറാന്റെ ഇന്റലിജന്‍സ് തലപ്പത്തെ പ്രമുഖരെ വധിച്ചെന്ന് ഇസ്രയേല്‍ സേന

ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയത്തിലെ നിരവധി പ്രമുഖരെ ശനിയാഴ്ചത്തെ ആക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍.

ഇറാന്റെ 'ഇസ്രയേല്‍ അഫയേഴ്സ്' ഡെപ്യൂട്ടി ഇന്റലിജന്‍സ് മന്ത്രി സയ്യദ് യഹ്യ ഹമിദി, ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തിലെ രഹസ്യന്വേഷണ വിഭാഗം തലവന്‍ ജലാല്‍ പോര്‍ ഹുസൈന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി ഉന്നതരെ ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂതന്മാര്‍ക്കും പാശ്ച്യാത്യ രാജ്യങ്ങള്‍ക്കും എതിരെയും ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യത്തും വിദേശത്തും നിലപാട് കൈക്കൊണ്ടിരുന്നവര്‍ക്കെതിരേയും ഭീകരാക്രമണങ്ങള്‍ക്ക് യഹ്യ നിര്‍ദേശം നല്‍കിയിരുന്നതായി ഐഡിഎഫ് ആരോപിച്ചു.

ലോകമെമ്പാടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ഇറാന്‍ ജനതയെ അടിച്ചമര്‍ത്തുകയും ചെയ്ത നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഓപ്പറേഷന്‍ റോറിങ് ലയണിന്റെ ആദ്യ ആക്രമണങ്ങളില്‍ വധിച്ചതായും ഐഡിഎഫ് വ്യക്തമാക്കി. ഓപ്പറേഷന്‍ റോറിങ് ലയണ്‍ എന്നാണ് ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേല്‍ നല്‍കിയിരിക്കുന്ന പേര്.

രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ളവരെ വധിച്ചതിലൂടെ ഇറാന്‍ ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ക്കു നേരെ ആക്രമണം നടത്താനുള്ള അവരുടെ ശേഷിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്നും ഐഡിഎഫ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.