പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ് ആഗോള ഓഹരി വിപണി; എണ്ണ വിലയില്‍ കുതിപ്പ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ് ആഗോള ഓഹരി വിപണി; എണ്ണ വിലയില്‍ കുതിപ്പ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കനത്തതോടെ ഊര്‍ജ വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. എണ്ണ വില ഇന്നും കുത്തനെ ഉയര്‍ന്നു.

അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യു.എസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം നേരിട്ടു. ഫ്രാന്‍സിന്റെ സിഎസി 40, 2.2 ശതമാനമാണ് താഴ്ന്നത്.

ജര്‍മ്മന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ഡിഎഎക്സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100 ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്.

ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225, 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്‌ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്സ് 200, 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങിന്റെ ഹാങ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ എന്നിവയുള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വാള്‍ സ്ട്രീറ്റില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഉയര്‍ന്ന എണ്ണവില ഇന്ധന ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.

വലിയ ഊര്‍ജ ഇറക്കുമതിക്കാരായ ദക്ഷിണ കൊറിയയിലെ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച കോസ്പി 7.2 ശതമാനം ഇടിഞ്ഞ് 5,791.91 ലാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് യു.എസ് ക്രൂഡ് ഓയില്‍ ബാരലിന് 3.24 ഡോളര്‍ ഉയര്‍ന്ന് 74.47 ഡോളറിലെത്തി.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 3.56 ഡോളര്‍ കൂടി 81.30 ഡോളറിലെത്തി. യുദ്ധം ആഗോള ക്രൂഡ് ഓയില്‍ ഒഴുക്കിനെ തടസപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.