ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ തകര്‍ന്നു വീണ സുഖോയ് 30 എം.കെ 1 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരാക്കര്‍ എന്നിവരാണ് മരണമടഞ്ഞത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ രക്ഷാ ദൗത്യത്തിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
പതിവ് പരിശീലന പറക്കലിനിടെ അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ കുന്നിന്‍ പ്രദേശത്ത് ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന് റഡാറില്‍ നിന്ന് ബന്ധം നഷ്ടമായിരുന്നു. പിന്നീട് വ്യോമസേന നടത്തിയ പരിശോധനയിലാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്.
റഷ്യന്‍ വിമാന നിര്‍മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മള്‍ട്ടിറോള്‍ ലോങ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് 30 എം.കെ 1. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി എച്ച്എഎല്‍ ലൈസന്‍സിന് കീഴിലാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്.
വ്യോമസേനയ്ക്ക് നിലവില്‍ 260 ലധികം സുഖോയ് വിമാനങ്ങളാണുള്ളത്. 1997 മുതല്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയ സുഖോയ് 30 എം.കെ 1 ഏറ്റവും മികവുള്ള മുന്‍നിര യുദ്ധ വിമാനങ്ങളില്‍ ഒന്നാണ്.