ന്യൂഡല്‍ഹി: ഇറാന്റെ ഉപരോധം നിലനില്‍ക്കുന്ന ഹോര്‍മൂസ് കടലിടുക്ക് കടന്ന് 54,000 ടണ്ണിലധികം എല്‍.പി.ജി ശേഖരവുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് രാജ്യത്തേക്ക് തിരിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കപ്പലുകള്‍ക്ക് സുരക്ഷിത പാത അനുവദിക്കാന്‍ ഇറാന്‍ തയ്യാറായത്.
ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി ഇന്ത്യയുമായുള്ള സൗഹൃദം ഊന്നിപ്പറയുകയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് മാസങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് അയവ് വരുന്നത്.
അതേസമയം ഇന്ത്യയുടെ പ്രകൃതിവാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന ഖത്തര്‍ എനര്‍ജി, ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് ഏഷ്യന്‍ വിപണിയില്‍ വലിയ ക്ഷാമത്തിന് കാരണമായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ പ്രകൃതി വാതക വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സിലിണ്ടറുകള്‍ക്കായി പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിതരണം ഉടന്‍ സാധാരണ നിലയിലാകുമെന്നും അധികൃതര്‍ അറിയിച്ചു. ശിവാലിക്കിന് പിന്നാലെ രണ്ടാമത്തെ കപ്പലും ഉടന്‍ ഹോര്‍മൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഈ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുന്നതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പാചകവാതക ക്ഷാമം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍.