സിഡ്‌നി: ഏഷ്യൻ കപ്പ് ടൂർണമെന്റിനിടെ ഇറാൻ സർക്കാരിനെതിരെ പ്രതിഷേധ സൂചകമായി ഓസ്‌ട്രേലിയയിൽ മാനുഷിക വിസയിൽ അഭയം തേടിയ വനിതാ ഫുട്ബോൾ താരങ്ങളിൽ കൂടുതൽ പേർ സ്വരാജ്യത്തേക്ക് മടങ്ങുന്നു. ഓസ്‌ട്രേലിയൻ ഗവൺമെന്റ് അനുവദിച്ച സംരക്ഷണത്തിൽ നിന്ന് മൂന്ന് പേർ കൂടി പുറത്തുകടന്ന് ടീമിനൊപ്പം ചേരാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയുടെ സംരക്ഷണത്തിലായിരുന്ന ആറ് താരങ്ങളിലും ഒരു സ്റ്റാഫ് അംഗത്തിലും മൂന്ന് പേർ ഇന്നലെ രാത്രി സിഡ്‌നിയിൽ നിന്ന് തിരിച്ചു. ഇവർ നിലവിൽ ക്വാലാലംപൂരിലുള്ള ഇറാനിയൻ ദേശീയ ടീമിനൊപ്പം ചേർന്ന് മടക്കയാത്ര നടത്തും.
താരങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. "താരങ്ങളുടെ സുരക്ഷിതമായ ഭാവിക്കായി വേണ്ടതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്," എന്ന് അദേഹം സിഡ്‌നിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ടൂർണമെന്റിന്റെ തുടക്കത്തിൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും സർക്കാർ സമ്മർദ്ദവും ഭയന്നാണ് ഇവർ ഓസ്‌ട്രേലിയയിൽ അഭയം തേടിയിരുന്നത്. നിലവിൽ മൂന്ന് കായിക താരങ്ങൾ മാത്രമാണ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക സംരക്ഷണത്തിൽ തുടരുന്നത്. ഇറാനിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും താരങ്ങൾ മടങ്ങാൻ തീരുമാനിച്ചത് അന്താരാഷ്ട്ര കായിക രംഗത്ത് വലിയ ചർച്ചയാകുകയാണ്.