ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ: സഖ്യ കക്ഷികളുടെ നിലപാടിനെതിരെ ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ:  സഖ്യ കക്ഷികളുടെ നിലപാടിനെതിരെ  ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തില്‍ ചേരാന്‍ വിസമ്മതിച്ച സഖ്യ കക്ഷികളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, തങ്ങള്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ഏറ്റവും കരുത്തുറ്റ സൈന്യം തങ്ങളുടേതാണെന്നും പറഞ്ഞു. നാറ്റോ അംഗങ്ങള്‍ കൂട്ടുത്തരവാദിത്വം കാണിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ട്രംപ് സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഈ ആവശ്യം നിരാകരിച്ചു.

സഖ്യകക്ഷികളുടെ ഈ നിഷേധാത്മക നിലപാട് നാറ്റോയുടെ ഭാവിക്ക് വലിയ ദോഷം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തുടക്കത്തില്‍ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ വിസമ്മതിക്കുകയും പിന്നീട് യുദ്ധം ഏകദേശം അവസാനിക്കാറായപ്പോള്‍ മാത്രം സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ബ്രിട്ടന്റെ നിലപാടിനെയും അദേഹം വിമര്‍ശിച്ചു.

സംഘര്‍ഷം വര്‍ധിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ വിസമ്മതിച്ചത്. സൈനിക നീക്കത്തിന് പകരം നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. പോളണ്ട്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും മേഖലയിലെ സ്ഥിരത ഉറപ്പാക്കാനായി ചര്‍ച്ചകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.

സഖ്യകക്ഷികള്‍ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താന്‍ സഹായം തേടിയതെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി. 'എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാന്‍ ഇത് ചെയ്തത്' എന്ന് അദേഹം പറഞ്ഞു.

സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും യു.കെയുടെ നിലപാടില്‍ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 28 മുതലാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്. ഇതിന് പ്രതികാരമായി ഇറാന്‍ ഇസ്രയേലിന് നേരെയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ സംഘര്‍ഷം മേഖലയിലാകെ വ്യാപിക്കുന്ന സാഹചര്യമാണുണ്ടായത്.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് നിലവില്‍ ഇറാന്‍ അടച്ചിരിക്കുകയാണ്. കടലിടുക്ക് കടക്കാന്‍ ശ്രമിച്ച പതിനഞ്ചിലധികം കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നും എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും ഇറാന്റെ പുതിയ നേതാവ് മൊജ്താബ ഖൊമേനി മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.