ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ഏഴ് വിദേശികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യു.എസ് പൗരനായ മാത്യൂ വാന്‍ഡെയ്കെ, ഉക്രെയ്ന്‍ സ്വദേശികളായ ഹുര്‍ബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്സ്‌കി, സ്റ്റെഫാന്‍കിവ് മരിയന്‍, ഹോങ്ചരുക് മക്സിം, കമിന്‍സ്‌കി വിക്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യയിലൂടെ അനധികൃതമായി മ്യാന്‍മറില്‍ പ്രവേശിച്ചതിനും സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കിയതിനുമാണ് ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഏഴ് പേരെയും 11 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ത്യയില്‍ നിരോധിച്ച സംഘടനകള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ ആയുധ പരിശീലനം നല്‍കിയതായാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിന് പുറമേ മിസോറാമിലെ നിയന്ത്രിത മേഖലകളില്‍ പ്രവേശിച്ചതിനും പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
വ്യത്യസ്ത തിയതികളിലായി ടൂറിസ്റ്റ് വിസയിലാണ് 14 ഉക്രെയ്ന്‍ സ്വദേശികള്‍ ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ ഗുവാഹട്ടി വഴി മിസോറമിലെത്തി. ഇവിടെ നിന്ന് അനധികൃതമായി മ്യാന്‍മറിലേക്ക് കടന്നു. മ്യാന്‍മറിലെ ചില സായുധ സംഘടനകള്‍ക്ക് പരിശീലനം നല്‍കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയ സംഘടനകള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ പരിശീലനം നല്‍കിയെന്നാണ് വിവരം. യൂറോപ്പില്‍ നിന്ന് ഇന്ത്യ വഴി മ്യാന്‍മറിലേക്ക് വന്‍ തോതില്‍ ഡ്രോണുകള്‍ കടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.