ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതിനാല്‍ ഒന്‍പത് രാജ്യങ്ങളിലെ വ്യോമ പാതകള്‍ ഒഴിവാക്കാന്‍ വിമാന കമ്പനികളോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശം.
പുതിയ നിര്‍ദേശ പ്രകാരം ഇറാന്‍, ഇസ്രയേല്‍, ലെബനന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ബഹ്‌റിന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ രാജ്യങ്ങളിലെ വിമാന താവളങ്ങളിലേക്കോ വ്യോമ പാതകളിലൂടെയോ സര്‍വീസ് നടത്തുന്ന കമ്പനികള്‍ കൃത്യമായ സുരക്ഷാ മുന്‍കരുതലുകളും ബദല്‍ പ്ലാനുകളും തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.
ഈ രാജ്യങ്ങള്‍ക്ക് മുകളിലൂടെ 32,000 അടിയില്‍ താഴെ ഉയരത്തില്‍ വിമാനങ്ങള്‍ പറക്കാന്‍ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. സൈനിക നീക്കങ്ങള്‍ നടക്കുന്ന മേഖലകളില്‍ സിവില്‍ വിമാനങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം.
ഡിജിസിഎയുടെ ഈ പുതിയ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളെ സാരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ സുരക്ഷിതമായ മറ്റ് പാതകളിലൂടെ തിരിച്ചു വിടേണ്ടി വരും. മാര്‍ച്ച് 28 വരെയാണ് നിലവില്‍ ഈ നിര്‍ദേശത്തിന് കാലാവധി നല്‍കിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം ഇതില്‍ മാറ്റം വരുത്തുമെന്നും ഡിജിസിഎ അറിയിച്ചു.