'വിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും ഉത്തമ മാതൃക'; വിശുദ്ധ യൗസേപ്പിതാവിനെ പ്രകീർത്തിച്ച് ഡൊണാൾഡ് ട്രംപ്

'വിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും ഉത്തമ മാതൃക'; വിശുദ്ധ യൗസേപ്പിതാവിനെ പ്രകീർത്തിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ച് 19 ന് പുറത്തിറക്കിയ ഔദ്യോഗിക സന്ദേശത്തിൽ പുതിയ തലമുറയ്ക്ക് പിന്തുടരാവുന്ന ധീരനായ പിതാവായും കുടുംബനാഥനായും യൗസേപ്പിതാവിനെ ട്രംപ് വിശേഷിപ്പിച്ചു.

യേശു ക്രിസ്തുവിന്റെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിതാവ് ക്രിസ്തീയ മൂല്യങ്ങളുടെ ജീവിക്കുന്ന പ്രതീകമാണെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പ്രതിഫലമോ അംഗീകാരമോ ആഗ്രഹിക്കാതെ സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും ദൈവപുത്രനെ വളർത്താനുമായി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് അദേഹമെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന വിദ്വേഷത്തിനും തീവ്രവാദത്തിനുമെതിരെ ട്രംപ് മുന്നറിയിപ്പ് നൽകി. യുവാക്കളെ തെറ്റായ പാതയിലേക്ക് നയിക്കുന്നതിന് പകരം വിവാഹജീവിതം നയിക്കാനും ശക്തമായ കുടുംബങ്ങൾ കെട്ടിപ്പടുക്കാനും അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ അടിത്തറ കുടുംബങ്ങളാണെന്ന ബോധ്യം പുതിയ തലമുറയിൽ ഉണ്ടാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വിശുദ്ധ യൗസേപ്പിതാവിന്റെ പാത പിന്തുടർന്ന് വിശ്വാസം, കുടുംബ സ്നേഹം, മാനുഷിക സ്വാതന്ത്ര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് ഉറപ്പു നൽകിക്കൊണ്ടാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.