ന്യൂഡല്‍ഹി: യാത്രക്കാരെ പലതരത്തില്‍ വലയ്ക്കുന്ന എയര്‍ ഇന്ത്യ വീണ്ടും അതാവര്‍ത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് കാനഡയിലെ വാന്‍കൂവറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മാറിപ്പോയതിനെ തുടര്‍ന്ന് ഒമ്പത് മണിക്കൂറിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി.
കാനഡയില്‍ ഇറങ്ങാന്‍ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനം അബദ്ധത്തില്‍ ഉപയോഗിച്ചതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
എഐ185 വിമാനം ഡല്‍ഹിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് യാത്രക്കാരുമായി പറന്നുയര്‍ന്നത്. ഗള്‍ഫ് സംഘര്‍ഷ മേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടില്‍ സഞ്ചരിക്കുന്നതിനിടെ കുന്‍മിങിന് സമീപം ചൈനീസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോഴാണ് കാനഡയില്‍ പറക്കാന്‍ വിമാനത്തിന് അനുമതിയില്ലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരികെ പറക്കുകയായിരുന്നു. ഒന്‍പത് മണിക്കൂറിന് ശേഷം വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. രാവിലെ 11.34ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7.19 നാണ് തിരികെ ലാന്‍ഡ് ചെയ്തത്.
കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ അനുമതിയില്ലാത്ത ബോയിങ് 777-200 എല്‍.ആര്‍ വിമാനമാണ് വ്യാഴാഴ്ച യാത്രക്കാരുമായി വാന്‍കൂവറിലേക്ക് പറന്നത്.
വിദേശ വിമാനക്കമ്പനികള്‍ക്ക് ഓരോ രാജ്യത്തും വ്യത്യസ്തമായ പ്രോട്ടോക്കോളുകളാണുള്ളത്. ചില രാജ്യങ്ങള്‍ പ്രത്യേക എയര്‍ലൈനുകള്‍ക്കോ പ്രത്യേക തരം വിമാനങ്ങള്‍ക്കോ മാത്രമാണ് അനുമതി നല്‍കുന്നത്.
എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍ പതിപ്പിന് മാത്രമാണ് കാനഡ അനുമതി നല്‍കിയിട്ടുള്ളത്. ബോയിങ് 777-200 എല്‍.ആര്‍ വിമാനം ഇറക്കാന്‍ പ്രത്യേക അനുമതിയില്ലാത്തതിനാലാണ് പാതി വഴിയില്‍ മടങ്ങിയത്.
വിമാനം തിരികെ ഇറക്കിയതിലും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ വാന്‍കൂവറിലേക്ക് അയച്ചതായി പിന്നീട് എയര്‍ ഇന്ത്യ അറിയിച്ചു.