വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ പീഡാനുഭവ വേളയിൽ അവിടുത്തെ തിരുമുഖം തുടച്ച വിശുദ്ധ വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രദർശിപ്പിക്കും. വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് പ്രതിവർഷം ഈ തിരുശേഷിപ്പ് വണങ്ങാൻ അവസരമൊരുക്കുന്നത്.
നാളെ വൈകുന്നേരം ആറുമണിക്ക് ആർച്ച് പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബസിലിക്കയിൽ വിശുദ്ധ ബലി അർപ്പിക്കും. ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കടുത്തുള്ള "വെറോനിക്കയുടെ മട്ടുപ്പാവ്" എന്നയിടത്തുനിന്നാണ് ഈ സുപ്രധാന തിരുശേഷിപ്പ് വിശ്വാസികൾക്ക് കാണിച്ചു കൊടുക്കുക. ബസിലിക്കയിൽ സേവനം ചെയ്യുന്ന നിരവധി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും ഈ ശുശ്രൂഷകളിൽ പങ്കുചേരും.
നോമ്പുകാലത്തെ നാൽപ്പത് ദിവസങ്ങളിൽ റോമിലെ വിവിധ ദേവാലയങ്ങളിൽ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വണങ്ങുന്ന പുരാതനമായ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ ചടങ്ങും നടക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ ധ്യാനിക്കാനും കഷ്ടപ്പെടുന്നവരിൽ ദൈവത്തിന്റെ മുഖം തിരിച്ചറിയാനും വിശ്വാസികളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം.