മാര്‍ച്ച് 23 മുതല്‍ പുതിയ വിഹിതം വിതരണം ചെയ്ത് തുടങ്ങും
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാനൊരുങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 20 ശതമാനം അധിക വിഹിതം അനുവദിച്ചു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയര്‍ന്നു.
നേരത്തെ അനുവദിച്ചിരുന്ന 10 ശതമാനം വര്‍ധനവിന് പുറമെയാണിത്. മാര്‍ച്ച് 23 മുതല്‍ പുതിയ വിഹിതം വിതരണം ചെയ്ത് തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍, ഭക്ഷണ സംസ്‌കരണ യൂണിറ്റുകള്‍ എന്നിവയ്ക്കായിരിക്കും വിതരണത്തില്‍ മുന്‍ഗണന ലഭിക്കുക. ഡയറി യൂണിറ്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഈ അധിക വിഹിതം സഹായകമാകും.
സംസ്ഥാന സര്‍ക്കാരുകളോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയ്ക്കും ഈ വര്‍ധനവിന്റെ പ്രയോജനം ലഭിക്കും. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാനാണ് കേന്ദ്രത്തിന്റെ മുന്‍കരുതല്‍ നടപടി. ഇറാന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ സുപ്രധാന ഉത്തരവ് പുറത്തിറങ്ങിയത്.
വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും നീക്കം ഉപകരിക്കും.