ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടെ വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാന്‍ കഴിയും.
നേരത്തെ ഇന്‍ഡിഗോയുടെ വിമാന സര്‍വീസ് മുന്നറിയിപ്പില്ലാതെ തടസപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളില്‍ കുത്തനെ വര്‍ധനവുണ്ടായിരുന്നു. തുടര്‍ന്നാണ് 2025 ഡിസംബറില്‍ കേന്ദ്രം ആഭ്യന്തര നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത്.
നിയന്ത്രണം എടുത്തു കളഞ്ഞതോടെ ഡിമാന്‍ഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് വിമാന കമ്പനികള്‍ക്ക് ടിക്കറ്റുകളുടെ നിരക്ക് നിശ്ചയിക്കാം എന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.
എന്നാല്‍ അമിത നിരക്ക് ഈടാക്കിയാല്‍ ഗൗരവമായി കാണുമെന്നും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ആവശ്യമെങ്കില്‍ വീണ്ടും പരിധി ഏര്‍പ്പെടുത്തുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ത്തെ തുടര്‍ന്ന് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന (എടിഎഫ്) വിലയിലെ വര്‍ധനവ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇന്ധനച്ചെലവും പ്രവര്‍ത്തന തടസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നിരക്ക് നിയന്ത്രണങ്ങള്‍ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.