ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് ഇറാന്‍ രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) വീതം ഫീസ് ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിലെ ദ്ശീയ സുരക്ഷാ കമ്മിറ്റിയംഗമായ അലായുദ്ദീന്‍ ബോറോജെര്‍ഡിയാണ് ഈ വിവരം അറിയിച്ചത്.
ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച ബോറോജെര്‍ഡി, മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടിയെന്ന് വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ നടപടി മേഖലയില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഇറാനിയന്‍ സ്ഥാപനങ്ങളുമായി നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിങ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം.
ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം.
ഇതിന് പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി അലി മൗസവിയാണ് ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇറാനിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാല്‍ വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാം എന്നാണ് ഇറാന്‍ പ്രതിനിധി അറിയിച്ചത്.
അതിനിടെ 16,000 ടണ്‍ എല്‍പിജിയുമായി ഒരു കപ്പല്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ എത്തിയിരുന്നു. സിംഗപ്പൂര്‍ പതാകയേന്തിയ ചരക്ക് കപ്പലായ പിക്‌സിസ് പയനിയറാണ് മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടത്. അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് ഫെബ്രുവരി 14 ന് യാത്ര തിരിച്ച കപ്പലാണിത്.
മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് കപ്പലിലെത്തിച്ച ഗ്യാസ് മാറ്റിയ ശേഷം കപ്പല്‍ മടങ്ങി. വരും ദിവസങ്ങളില്‍ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഗ്യാസ് എത്തുമെന്നാണ് സൂചന.