ദുബായ്: ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഉടലെടുത്ത എണ്ണ, വാതക പ്രതിസന്ധി മറികടക്കാനായി പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താന്‍ സൗദിയും യുഎഇയും. ദമാം-ഷാര്‍ജ ഡയറക്ട് കണക്‌റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്.
കടല്‍-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തില്‍ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കഴിയും.
അതേസമയം രാജ്യത്തെ കടുത്ത പാചക വാതക ക്ഷാമത്തിന് നേരിയ ആശ്വാസമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്.
'ജഗ് വസന്ത്', 'പൈന്‍ ഗ്യാസ്' എന്നീ രണ്ട് കപ്പലുകളാണ് കടലിടുക്ക് കടന്ന് സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കടുത്തതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുകയായിരുന്നു.
എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നു പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വലിയ തുക ടോള്‍ ഈടാക്കിയാണ് ഇറാന്‍ കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണ ഗതിയില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് കപ്പലുകള്‍ പോകാറുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
തങ്ങള്‍ 'ഇന്ത്യന്‍ കപ്പലുകളാണെന്ന്' സിഗ്നലുകള്‍ വഴി നിരന്തരം അറിയിപ്പ് നല്‍കിയാണ് ഇവയുടെ യാത്ര. മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവിക സേന നേരിട്ട് സുരക്ഷാ അകമ്പടി നല്‍കിയിരുന്നു.