ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ച് ന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചത്.
ക്രൂഡോയില്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടിയത്. എന്നാല്‍ രാജ്യത്തെ മറ്റ് എണ്ണക്കമ്പനികള്‍ വില കൂട്ടിയിട്ടില്ല. ഇന്ധന ദൗര്‍ലഭ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് നയാരയുടെ നടപടി. ഇതിന്റെ ചുവടുപിടിച്ച് അവരും വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.
ഏപ്രില്‍ മുതല്‍ നയാര എനര്‍ജി 35 ദിവസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ആകെ 6500 പെട്രോള്‍ പമ്പുകളാണ് നയാരയ്ക്കുള്ളത്.
ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനര്‍ജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്. വാര്‍ഷിക ശേഷി 20 ദശലക്ഷം ടണ്‍, പ്രതിദിനം 4,05,000 ബാരല്‍ ശേഷിയുള്ളതാണ് റിഫൈനറി.
എന്നാല്‍ ശുദ്ധീകരണശാല അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമാണ് നയാര എനര്‍ജിയിലുളളത്.