ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകുന്നേരം 6:30 ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് യോഗം ചേരുക. ഇന്ധന വിതരണം അടക്കം പ്രതിസന്ധികള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. അതാത് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിക്കും. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. നിലവിലെ പ്രതിസന്ധി നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ല. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും.