സിഡ്‌നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി അനേകം പേരുടെ ജീവൻ രക്ഷിച്ച അഹമ്മദ് അൽ അഹമ്മദിന് വേവർലി കൗൺസിലിന്റെ ഉന്നത പൗരബഹുമതി. നഗരത്തിന്റെ പ്രതീകാത്മക താക്കോൽ നൽകിയാണ് അദേഹത്തെ ആദരിച്ചത്. 2025 ഡിസംബറിലുണ്ടായ ആക്രമണത്തിൽ സായുധനായ അക്രമിയെ നിരായുധനാക്കാൻ കാണിച്ച അസാമാന്യ ധൈര്യത്തെ കൗൺസിൽ അധികൃതർ ചടങ്ങിൽ പ്രകീർത്തിച്ചു.
ഭീകരാക്രമണത്തിനിടെ അക്രമിയെ നേരിടുന്നതിനിടയിൽ അഹമ്മദ് അൽ അഹമ്മദിന് വെടിയേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടകരമായ സാഹചര്യത്തിൽ അദേഹം പ്രകടിപ്പിച്ച നിസ്വാർത്ഥതയെയും ധൈര്യത്തെയും 'അസാധാരണമെന്നാണ്' കൗൺസിൽ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. അൽ അഹമ്മദിന്റെ ഇടപെടൽ മൂലം മാത്രമാണ് പലർക്കും ജീവൻ തിരിച്ചുകിട്ടിയതെന്ന് ചടങ്ങിൽ അധികൃതർ ഓർമ്മിപ്പിച്ചു.
അഹമ്മദ് അൽ അഹമ്മദിനൊപ്പം തന്നെ ആക്രമണ സമയത്ത് ഇരകളെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവാനും മുന്നോട്ടുവന്ന മറ്റ് വ്യക്തികളെയും കൗൺസിൽ ആദരിച്ചു. അവരുടെ ധൈര്യത്തെയും ദുരന്തസമയത്ത് നൽകിയ പിന്തുണയെയും ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു. നഗരത്തിന്റെ സുരക്ഷയ്ക്കായി ഇത്തരം ധീരകൃത്യങ്ങൾ ചെയ്ത വ്യക്തികളെ ആദരിക്കുന്നത് വരും തലമുറകൾക്ക് വലിയ പ്രചോദനമാകുമെന്ന് വേവർലി കൗൺസിൽ വ്യക്തമാക്കി.